“ഗോളടിക്കണം എന്നാഗ്രഹവുമായി സൂപ്പർ താരം, ബ്ലാസ്റ്റേഴ്സിന് കരുത്ത് പകരാൻ രാഹുൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു”

ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 2021-22 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് എൺപത്തിയേഴാം മത്സരത്തിൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ജംഷഡ്പൂർ എഫ്‌സിയെ നേരിടും.13 മത്സരങ്ങളിൽ നിന്നായി ആറ് ജയവും അഞ്ച് സമനിലയുമടക്കം 23 പോയിന്റുമായി നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂർ എഫ്‌സിക്കെതിരായ ജയം ഹീറോ ഐഎസ്‌എല്ലിന്റെ ഒരു സീസണിൽ ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ടീമെന്ന റെക്കോഡ് ബ്ലാസ്റ്റേഴ്സിന് സമ്മാനിക്കും.

സീസണിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ മലയാളി സൂപ്പർ താരം രാഹുൽ കെ പി ഇതു വരെ കളിക്കളത്തിലേക്ക് തിരിച്ചെത്താത്തതിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിരാശരായിരുന്നു .എടികെ മോഹൻ ബഗാനെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റ രാഹുൽ എന്ന് തിരിച്ചു വരും എന്നതിനെക്കുറിച്ച് ഇന്നത്തെ മത്സരത്തിന് മുന്നോടിയായി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ബ്ലാസ്റ്റേഴ്സ് പരിശീലക‌ൻ ഇവാൻ വുകോമനോവിച്ച് പുറത്ത് വിട്ടു‌.”കോവിഡ് വ്യാപനത്തെത്തുടർന്ന് കലണ്ടറിൽ ചില മാറ്റങ്ങൾ ഉണ്ടായിരുന്നു, നിങ്ങൾക്കറിയാം. കൂടാതെ, ഇപ്പോൾ ഞങ്ങൾ ചിന്തിക്കുന്നത് നിങ്ങൾ പരിശീലങ്ങൾ എങ്ങനെ പരിഷ്കരിക്കും, ഗെയിം പ്ലാനും മറ്റും എങ്ങനെ പരിഷ്ക്കരിക്കും എന്നതിനെക്കുറിച്ചാണ്. അതിനാൽ, ആർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ, ആരൊക്കെ പകരത്തിന് ലഭ്യമാണ് എന്ന് നോക്കി മത്സരങ്ങൾ ഒന്നൊന്നായി അഭിമുഖീകരിക്കണം. ഇതുവരെ ടീമിന്റെ അവസ്ഥ നല്ലതാണ്. ടീമിന് കരുത്തായി രാഹുൽ കെപി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനേറ്റ തിരിച്ചടി മധ്യനിരതാരം പ്യൂയ്റ്റിയയുടെ അഭാവമായിരുന്നു. സസ്പെൻഷനെ തുടർന്നാണ് പ്യൂയ്റ്റിയ പുറത്തിരുന്നത്. പ്യൂയ്റ്റിയക്ക് പകരമിറങ്ങിയ ആയുഷ് അധികാരി മികച്ച പ്രകടനം നടത്തിയെങ്കിലും ഒടുവിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി.സസ്പെൻഷൻ കഴിഞ്ഞ പ്യൂയ്റ്റിയ ഇന്ന് ജെംഷദ്പുരിനെതിരെ വീണ്ടും ബ്ലാസ്റ്റേഴ്സ് നിരയിലെത്തും. എന്നാൽ ടീമിനായി കളിക്കുന്നതിനൊപ്പം ഒരു ​ഗോളടിക്കണം എന്ന ആ​ഗ്രഹം കൂടി പ്യൂയ്റ്റിയക്കുണ്ട്. ഇന്നലെ നടന്ന പത്ര സമ്മേളനത്തിലാണ് താരം തന്റെ ആഗ്രഹം പറഞ്ഞത്.

“തീർച്ചയായും, ഓരോ കളിക്കാരനും സ്കോർ ചെയ്യാൻ ആഗ്രഹിക്കുന്നു, ഗോൾകീപ്പർ പോലും. ഈ സീസണിലെ ആദ്യ ഗോളിനായി ഞാൻ കാത്തിരിക്കുകയാണ്, പക്ഷേ ടീമാണ് ഏറ്റവും പ്രധാനം. അതിനാൽ, ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ നേടാൻ കഴിയുന്നിടത്തോളം ഞാൻ സന്തോഷവാനാണ്. എന്നാൽ വരും മത്സരങ്ങളിൽ എനിക്ക് ഒരു ഗോൾ നേടാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” പ്യൂയ്റ്റിയ പറഞ്ഞു.സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലേയും മധ്യനിരയിലേയും മറ്റ് പ്രധാനതാരങ്ങളൊക്കെ ​ഗോളടിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ സീസണിലെ പ്യൂയ്റ്റിയയുടെ ആദ്യ ​ഗോളിനായി ആരാധകരുടെ ആകാംഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ പ്യൂയ്റ്റിയ ഒരു ​ഗോൾ നേടിയിരുന്നു.

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 6 വിജയവും, 5 സമനിലകളുമടക്കം 23 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തു‌ണ്ട്. 15 മത്സരങ്ങളിൽ 26 പോയിന്റുള്ള ഹൈദരാബാദ് എഫ് സിയാണ് ലീഗ് ടേബിളിൽ നിലവിൽ ആദ്യ സ്ഥാനത്ത്. 13 മത്സരങ്ങളിൽ 22 പോയിന്റുമായി ജംഷഡ്‌പൂർ അഞ്ചാം സ്ഥാനത്തണ്.