സ്പെയിൻ ടീമിൽ നിന്നും സെർജിയോ റാമോസ് വീണ്ടും പുറത്ത്, ലോകകപ്പ് ടീമിലെ സ്ഥാനം ആശങ്കയിൽ
ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള സ്പെയിൻ ടീം പ്രഖ്യാപിച്ചപ്പോൾ ടീമിന്റെ മുൻ നായകനായ സെർജിയോ റാമോസിനെ വീണ്ടും ഒഴിവാക്കി. 2021 ഏപ്രിലിൽ കൊസോവക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അവസാനമായി സ്പെയിൻ ടീമിനു വേണ്ടി കളിക്കാനിറങ്ങിയ റാമോസിന് പരിക്കു മൂലം യൂറോ കപ്പും യുവേഫ നേഷൻസ് ലീഗ് ടൂർണമെന്റുമെല്ലാം ഒഴിവാക്കേണ്ടി വന്നിരുന്നു. എന്നാൽ പരിക്ക് മാറി പിഎസ്‌ജി നിരയിലെ സ്ഥിരമായ സാന്നിധ്യമായിട്ടും താരത്തെ ടീമിലുൾപ്പെടുത്താൽ പരിശീലകനായ ലൂയിസ് എൻറിക്വ തയ്യാറായില്ല.
ലൂയിസ് എൻറിക്വ പ്രഖ്യാപിച്ച ടീമിൽ റയൽ മാഡ്രിഡിൽ നിന്നും രണ്ടു താരങ്ങൾ മാത്രമേ ഇടം നേടിയിട്ടുള്ളൂ. റൈറ്റ് ബാക്കായ കാർവാഹാളും മുന്നേറ്റനിര താരമായ മാർകോ അസെൻസിയോയുമാണ് ടീമിലിടം നേടിയ റയൽ മാഡ്രിഡ് താരങ്ങൾ. അതേസമയം ബാഴ്‌സലോണയിൽ നിന്നും ആറു താരങ്ങളാണ് സ്പെയിൻ ടീമിൽ എത്തിയിരിക്കുന്നത്. ടീമിന്റെ നായകനായ സെർജിയോ ബുസ്‌ക്വറ്റ്‌സിനു പുറമെ പ്രതിരോധതാരങ്ങളായ ജോർദി ആൽബ, എറിക് ഗാർസിയ, മധ്യനിരയിലെ യുവതാരങ്ങളായ ഗാവി, പെഡ്രി, മുന്നേറ്റനിര താരമായത് ഫെറൻ ടോറസ് എന്നിവരാണ് ബാഴ്‌സലോണയിൽ നിന്നും സ്പെയിൻ ടീമിലെത്തിയിരിക്കുന്നത്.
ലൂയിസ് എൻറിക്വ പരിശീലകനായതിനു ശേഷം സ്പെയിൻ ടീമിൽ നിന്നും സ്ഥിരമായി തഴയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ ഇത്തവണയും ടീമിലില്ല. യുണൈറ്റഡിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും തന്റെ പദ്ധതികളിൽ ഡി ഗിയക്കു സ്ഥാനമില്ലെന്നാണ് ഇതിലൂടെ ലൂയിസ് എൻറിക്വ വ്യക്തമാക്കുന്നത്. ഇതിനു പുറമെ റയൽ മാഡ്രിഡിന്റെ പ്രതിരോധതാരമായ നാച്ചോ ഫെർണാണ്ടസ് ബാഴ്‌സലോണ താരം ഫാറ്റി, ലിവർപൂളിന്റെ തിയാഗോ അൽകാൻട്ര എന്നിവരും സ്പെയിൻ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങളിൽ ഉൾപ്പെടുന്നു.
📋 Spain Squad List for Nations League Matches against Switzerland & Portugal.
— Spain Football Fans Kerala (@SefutbolKerala) September 16, 2022
💪🏻 ¡Vamos España!!!#SFFK pic.twitter.com/pkr12eL8Es
ഈ സീസണിൽ പിഎസ്‌ജിയുടെ പ്രധാന പ്രതിരോധതാരമായി എല്ലാ മത്സരങ്ങളിലും ഇറങ്ങുന്ന റാമോസിനെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും തഴഞ്ഞതോടെ സ്പെയിൻ ടീമിലേക്ക് താരത്തിന്റെ തിരിച്ചുവരവ് ഉണ്ടാകാനുള്ള സാധ്യത പൂർണമായും മങ്ങിയിട്ടുണ്ട്. ലോകകപ്പിനുള്ള സ്പെയിൻ ടീമിലും റാമോസ് ഉണ്ടാകില്ലെന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. പുതിയൊരു ടീമിനെ വാർത്തെടുക്കാൻ ശ്രമിക്കുന്ന എൻറിക്വയുടെ പദ്ധതികളിൽ സെർജിയോ റാമോസിന് ഇടമില്ലെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.
സ്പെയിൻ ടീം: റയ, സാഞ്ചസ്, സിമോൺ (ഗോൾകീപ്പർ); പൗ ടോറസ്, ജോർദി ആൽബ, എറിക് ഗാർസിയ, ആസ്പ്ലിക്കുയറ്റ, കാർവാഹാൾ, ഗായ (പ്രതിരോധതാരങ്ങൾ); ബുസ്‌ക്വറ്റ്സ്, പെഡ്രി, ഗാവി, റോഡ്രിഗോ, സോളർ, ലോറന്റെ (മധ്യനിര താരങ്ങൾ); സാറാബിയ, ഫെറൻ ടോറസ്, നിക്കോ വില്യംസ്, അസെൻസിയോ, യേറെമി, ബോർഹ ഇഗ്ലേസിയാസ് (മുന്നേറ്റനിര താരങ്ങൾ).