റയലിൽ പ്രശ്നങ്ങൾ പുകയുന്നു, റാമോസ് രണ്ടു കളിക്കാരുമായി വാക്കേറ്റമുണ്ടാക്കിയതായി റിപ്പോർട്ടുകൾ
എൽ ക്ലാസികോയിൽ ബാഴ്സക്കെതിരെ വിജയം നേടിയെങ്കിലും ഫോമിൽ സ്ഥിരത നിലനിർത്താൻ കഴിയാത്ത റയൽ മാഡ്രിഡിൽ താരങ്ങൾ തമ്മിൽ പ്രശ്നങ്ങളുള്ളതായി റിപ്പോർട്ടുകൾ. മോശം പ്രകടനം നടത്തുന്ന ലെഫ്റ്റ് ബാക്ക് മാഴ്സലോ, മധ്യനിര താരം ഇസ്കോ എന്നിവരുമായി നായകൻ സെർജിയോ റാമോസ് വാക്കേറ്റമുണ്ടായതായി സ്പാനിഷ് മാധ്യമമായ ഡിയാരിയോ സ്പോർട് റിപ്പോർട്ടു ചെയ്തു.
പരിശീലകനായ സിദാനെതിരെ ഇസ്കോ നടത്തിയ വിമർശനങ്ങളാണ് താരത്തിനെതിരെ റാമോസ് തിരിയാൻ കാരണമായത്. തന്നെ സിദാൻ പരിഗണിക്കുന്നില്ലെന്നും എൺപതാം മിനുട്ടിലാണ് പകരക്കാരനായി ഇറക്കുന്നതെന്നും പരാതിപ്പെട്ടിരുന്നു. എന്നാൽ താൻ കളിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അൻപതാം മിനുട്ടിൽ തന്നെ സിദാൻ പകരക്കാരെ ഇറക്കുമെന്നും ഇസ്കോ പറഞ്ഞിരുന്നു.
Sergio Ramos 'clashes with team-mates Marcelo and Isco in Real Madrid dressing room row' https://t.co/Mc9ddo9ABg
— MailOnline Sport (@MailSport) October 27, 2020
തന്റെ വിമർശനങ്ങൾ നായകനായ റാമോസിനും ഉപനായകനായ മാഴ്സലോക്കും മുന്നിൽ പിൻവലിക്കാൻ ഇസ്കോ തയ്യാറായില്ല. ഇതേത്തുടർന്നാണ് താരത്തിന്റെ മോശം പ്രകടനത്തെ റാമോസ് വിമർശിച്ചത്. മാഴ്സലോയും റാമോസിന്റെ വിമർശനത്തിന്റെ ഭാഗമായിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഇസ്കോ റയലിന്റെ ആദ്യ ഇലവനിൽ ഇടം പിടിച്ചിരിക്കുന്നത്. രണ്ടിലും പകുതി സമയം പിന്നിട്ടപ്പോൾ തന്നെ താരം പിൻവലിക്കപ്പെടുകയും ചെയ്തു. റയൽ വയ്യഡോളിഡിനും കാഡിസിനുമെതിരായ ഈ മത്സരങ്ങളിലാണ് മാഴ്സലോയും റയലിനു വേണ്ടി കളിച്ചിരിക്കുന്നത്.