❝സാഞ്ചോ മാഞ്ചസ്റ്റർ യൂണൈറ്റഡിനും ,റാമോസ് പിഎസ്ജി ക്കും സ്വന്തം ❞

കഴിഞ്ഞ ദിവസം ലോക ഫുട്ബോളിൽ വാർത്തകളിൽ നിറഞ്ഞു നിന്നത് രണ്ടു ട്രാൻസ്ഫറുകളാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരമായ സ്പാനിഷ് താരം സെർജിയോ റാമോസിനെ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി സ്വന്തമാക്കി എന്നതും നീണ്ട ഊഹാപോഹങ്ങൾക്കും ശേഷം ഇംഗ്ലീഷ് യുവ താരം ബുണ്ടസ് ലീഗ്‌ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി എന്ന വാർത്തയും. യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിൽ ഇടം നേടിയില്ലെങ്കിലും 35 കാരനെ യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ താരമായാണ് കണക്കാക്കുന്നത്. നിരവധി ഇംഗ്ലീഷ് ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ മത്സരിച്ചെങ്കിലും ഫ്രഞ്ച് വമ്പന്മാർ താരത്തെ സ്വന്തമാക്കുകയായിരുന്നു.

പി എസ് ജിയും റാമോസും തമ്മിലുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.ഇന്ന് പാരീസിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. രണ്ടു വർഷത്തെ കരാർ ആകും റാമോസ് പി എസ് ജിയിൽ ഒപ്പുവെക്കുന്നത്.റയൽ മാഡ്രിഡിൽ താരം വാങ്ങിയിരുന്നതിനേക്കാൾ വലിയ വേതനം ആണ് പി എസ് ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വര്ഷം റയലുമായി കരാർ അവസാനിച്ചെങ്കിലും വീണ്ടും കരാർ പുതുക്കും എന്നാണ് വിചാരിച്ചിരുന്നത് എന്നാൽ കരാർ ചർച്ചകൾ പാളിപോയതോടെയാണ് റാമോസ് ല ലീഗ്‌ വിടാൻ തീരുമാനിച്ചത്. പരിക്ക് മൂലം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗം മത്സരങ്ങളും സ്പാനിഷ് താരത്തിന് നഷ്ടമായിരുന്നു. എന്നാൽ ഫിറ്റ്നസ് വീണ്ടെടുത്ത താരം അടുത്ത സീസണിൽ പഴയ ഫോമിൽ തിരിച്ചെത്തും എന്ന് തന്നെയാണ് പ്രതീക്ഷ.

റാമോസിന് പുറമെ ലിവർപൂൾ മിഡ്ഫീൽഡർ വൈനാൾഡാം പിഎസ്ജി സ്വന്തമാക്കിയിരുന്നു. എസി മിലൻ ഗോൾ കീപ്പർ ഡോന്നരുമാ, ഇന്റർ മിലൻ താരം അഷ്‌റഫ് ഹകിമി എന്നിവരും ഫ്രഞ്ച് ക്ലബിലേക്കുള്ള വഴിയിലാണ്. 2005 ൽ സ്പാനിഷ് ക്ലബ് സെവിയ്യയിൽ നിന്നാണ് റാമോസ് റയലിലെത്തിയത്.16 വര്ഷം നീണ്ട കരിയറിൽ 671 മത്സരങ്ങളിൽ നിന്നും 101 ഗോളുകളും 40 അസിസ്റ്റുകളും നേടിയിട്ടുണ്ട്. നിരവധി കിരീടങ്ങളും നേടാൻ സാധിച്ചു.

അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമം. ബുണ്ടസ് ലീഗ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ഇംഗ്ലീഷ് താരം ജഡോന്‍ സാഞ്ചോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറി. താരത്തിന്റെ ക്ലബ് മാറ്റം സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണം വന്നു. താരം ക്ലബ് വിടുന്നതായി ഡോര്‍ട്മുണ്ടും എത്തുന്നത് വ്യക്തമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡും സ്ഥിരീകരിച്ചു. നീണ്ട രണ്ട് വര്‍ഷത്തെ ശ്രമത്തിനു ശേഷമാണ് സാഞ്ചോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൈന്‍ ചെയ്യുന്നത്. യുനൈറ്റഡ്, താരവുമായും ഡോര്‍ട്മുണ്ടുമായും കരാറില്‍ എത്തിയതായി ക്ലബ് അറിയിച്ചു. 85 മില്യണ്‍ യൂറോയ്ക്ക് ആണ് 21കാരനുമായി റെഡ് ഡെവിള്‍സ് കരാറിലെത്തിയിരിക്കുന്നത്.

ജഡോന്‍ സാഞ്ചോയെ കൈമാറുന്നതിനായി ബോറുസിയ ഡോര്‍ട്മുണ്ടുമായി തത്വത്തില്‍ ധാരണയിലെത്തിയതായി മാഞ്ചസ്റ്റര്‍ വ്യക്തമാക്കി. യൂറോ കപ്പിന് ശേഷം കരാര്‍ ഒപ്പിടല്‍, മെഡിക്കല്‍ എന്നിവ പൂര്‍ത്തിയാകും. കഴിഞ്ഞ സീസണില്‍ യുനൈറ്റഡിനോട് 120 മില്യണ്‍ യൂറോ ജര്‍മന്‍ ക്ലബ് ആവശ്യപ്പെട്ടിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന് 2026വരെയുള്ള കരാര്‍ ആണ് നല്‍കുന്നത്.21കാരനായ സാഞ്ചോ 2017 മുതൽ ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു സാഞ്ചോയെ ഡോർട്മുണ്ടിന് വിറ്റത്. വാറ്റ്ഫോർഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സാഞ്ചോ.

Rate this post