അർജന്റീനയുടെ രണ്ട് ഗോൾകീപ്പർമരിലൊരാളെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ്.
ഈ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചു പറ്റിയ താരമാണ് ആഴ്‌സണലിന്റെ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. എഫ്എ കപ്പ് ഫൈനലിൽ ചെൽസിക്കെതിരെയുള്ള താരത്തിന്റെ പ്രകടനമൊക്കെ ഏറെ കയ്യടി നേടിയിരുന്നു. എന്നാൽ താരത്തിന്റെ ഭാവി അത്ര ശോഭനീയമല്ല. പലപ്പോഴും ആഴ്‌സണൽ ടീമിൽ താരത്തിന് അവസരങ്ങൾ കുറവാണ്. ഈ കഴിഞ്ഞ സീസണിൽ തന്നെ ആഴ്‌സെണലിന്റെ ഒന്നാം ഗോൾ കീപ്പർ ലെനോക്ക് പരിക്കേറ്റതിനെ തുടർന്നാണ് മാർട്ടിനെസിന് അവസരങ്ങൾ ലഭിച്ചത്.
പക്ഷെ താരത്തിന്റെ പരിക്ക് ഭേദമായതിനാൽ താരത്തിനെ തന്നെ ഒന്നാം കീപ്പറായി പരിഗണിക്കുമെന്ന് പരിശീലകൻ ആർട്ടെറ്റ തുറന്നു പറഞ്ഞിരുന്നു. ഇതോടെ എമിലിയാനോ മാർട്ടിനെസ് ക്ലബ് വിടുമെന്ന് ഭീഷണി മുഴക്കി. താൻ ഒന്നാം ഗോൾകീപ്പർ സ്ഥാനം അർഹിക്കുന്നുവെന്നും ഇല്ലേൽ ക്ലബ് വിടുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല. പക്ഷെ ഇരുപത് മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ആഴ്സണൽ ആവിശ്യപ്പെടുന്നത്.
Aston Villa enquire about Arsenal goalkeeper Emiliano Martinez https://t.co/SPm5P6w0kx
— MailOnline Sport (@MailSport) September 7, 2020
ഈ തുക ആസ്റ്റൺ വില്ല നൽകാൻ തയ്യാറാവുമോ എന്ന് സംശയമാണ്. പക്ഷെ ഒരു ഗോൾ കീപ്പറെ അത്യാവശ്യമായ സ്ഥിതിയിൽ ആസ്റ്റൺ വില്ല ഈ തുക മുടക്കിയേക്കും. നിലവിൽ ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ ആയ ടോം ഹീറ്റൺ നിരന്തരം പരിക്കിനാൽ വലയുകയാണ്. ഇതിനാലാണ്. ആസ്റ്റൺ വില്ല മറ്റൊരു മികച്ച കീപ്പറെ തേടുന്നത്. അതേ സമയം മാർട്ടിനെസിന് വേണ്ടി ലീഡ്‌സ് യുണൈറ്റഡും ഷാൽക്കെയും രംഗത്തുണ്ട് എന്ന വാർത്തകളും ഉണ്ടായിരുന്നു.
ഇനി മാർട്ടിനെസിനെ ലഭിച്ചില്ലെങ്കിൽ മറ്റൊരു അർജന്റൈൻ ഗോൾകീപ്പറായ സെർജിയോ റൊമേറോയെ വില്ല നോട്ടമിടുന്നുണ്ട്. യുണൈറ്റഡിന്റെ കീപ്പറായ റൊമേറോക്ക് അവസരങ്ങൾ വളരെ കുറവാണ്. മാത്രമല്ല രണ്ടാം ഗോൾ കീപ്പറായി ഡീൻ ഹെന്റെഴ്സൺ തിരിച്ചെത്തിയതും റൊമേറോക്ക് തിരിച്ചടിയായി. ഇതോടെ ക്ലബ് വിടാനുള്ള തീരുമാനത്തിലാണ് റൊമേറോ. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന റൊമേറോയെ ടീമിലെത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആസ്റ്റൺ വില്ല.