പിൻവലിച്ചതിൽ രോഷമടക്കാനായില്ല, ബെഞ്ച് തകർക്കാൻ ശ്രമിച്ച് ബ്രസീലിയൻ താരം റാഫിന്യ|Raphinha

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ ബാഴ്‌സലോണ ആഗ്രഹിച്ച ഫലമല്ല ഉണ്ടായത്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞതോടെ രണ്ടാംപാദ മത്സരം കൂടുതൽ നിർണായകമാകും. രണ്ടാംപാദ മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനത്തു വെച്ചാണ് നടക്കുന്നത് എന്നതിനാൽ ബാഴ്‌സലോണയുടെ സാധ്യതകൾ പരിമിതമാകും.

ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്‌സലോണക്കായി മികച്ച പ്രകടനം നടത്തിയത് ബ്രസീലിയൻ താരമായ റാഫിന്യയാണ്. ബാഴ്‌സലോണ നേടിയ ആദ്യഗോളിന് വഴിയൊരുക്കിയ താരം അതിനു ശേഷം ടീം പിന്നിൽ നിൽക്കുമ്പോൾ ഗോൾ നേടി സമനില നേടിക്കൊടുക്കുകയും ചെയ്‌തു. ലോകകപ്പ് കഴിഞ്ഞു വന്നതിനു ശേഷം മികച്ച പ്രകടനം നടത്തുന്ന താരത്തിന്റെ മറ്റൊരു ഗംഭീര പ്രകടനമാണ് കഴിഞ്ഞ ദിവസം നടന്നത്.

റാഫിന്യയുടെ മികച്ച പ്രകടനത്തിലും താരത്തെ മുഴുവൻ സമയവും കളിപ്പിക്കാൻ പരിശീലകനായ സാവി തയ്യാറായില്ല. എൺപത്തിമൂന്നാം മിനുട്ടിൽ താരത്തെ പിൻവലിച്ച് ഫെറൻ ടോറസിനെ ബാഴ്‌സലോണ പരിശീലകൻ പരീക്ഷിച്ചു. എന്നാൽ ഇതിനോട് നല്ല രീതിയിലല്ല റാഫിന്യ പ്രതികരിച്ചത്. ബെഞ്ചിലേക്ക് പോയി അവിടെ ഇരുന്ന താരം തന്റെ തൊട്ടു മുൻപിലെ സീറ്റിൽ ഇടിക്കാനും അത് തകർക്കാനും നോക്കിയാണ് രോഷം തീർത്തത്.

ബാഴ്‌സലോണയിലെ സീനിയർ താരമായ ആൽബയാണ് റാഫിന്യയെ സമാധാനിപ്പിച്ചത്. അതിനു ശേഷം തന്റെ പ്രവൃത്തിക്ക് താരം സാവിയോടും ഫെറൻ ടോറസിനോടും ക്ഷമാപണം നടത്തിയിരുന്നു. അതേസമയം താരത്തിന്റെ രോഷപ്രകടനം തനിക്ക് മനസിലാക്കാൻ സാധിക്കുമെന്നാണ് സാവി പറഞ്ഞത്. ആരും മോശമാണെന്ന് കാണിക്കാൻ വേണ്ടിയല്ല പകരക്കാരെ ഇറക്കുന്നതെന്നും സാവി പറഞ്ഞു.

കഴിഞ്ഞ സമ്മറിലാണ് റാഫിന്യ ബാഴ്‌സലോണയിൽ എത്തുന്നത്. ബാഴ്‌സലോണയിൽ തിളങ്ങാൻ കഴിയാതിരുന്ന താരത്തെ ജനുവരിയിൽ വിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ മികച്ച പ്രകടനം കൊണ്ട് അതിനുള്ള സാധ്യതകൾ റാഫിന്യ ഇല്ലാതാക്കിയിട്ടുണ്ട്. ഒസ്മാനെ ഡെംബലെ പരിക്കേറ്റു പുറത്തിരിക്കുന്ന സാഹചര്യത്തിൽ ടീമിന്റെ മുന്നേറ്റനിരയെ നയിക്കുന്നത് റാഫിന്യയാണ്.