മാഡ്രിഡിലേക്കു തിരിച്ചെത്താനുള്ള സാധ്യത കാണുന്നു, ടോട്ടനം ഹോട്സ്പർ സൂപ്പർതാരം വെളിപ്പെടുത്തുന്നു

സെവിയ്യയിലെ ഒരു വർഷത്തെ ലോണിന് ശേഷം റയലിൽ നിന്നും പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടനം ഹോട്ട്സ്പറിലേക്ക് ചേക്കേറിയ യുവതാരമാണ് സെർജിയോ റെഗ്യൂലോൺ. 30 മില്യൺ യൂറോക്കാണ് റയലിൽ നിന്നും ടോട്ടനം ഈ സ്പാനിഷ് യുവതാരത്തിനെ സ്വന്തമാക്കിയത്. ഈ സീസണിൽ ടോട്ടനത്തിനായി തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

പതിനഞ്ചു വർഷത്തെ റയൽ മാഡ്രിഡ്‌ യൂത്ത് കരിയറിന് ശേഷമാണ് ടോട്ടനത്തിലേക്ക് താരം ചേക്കേറിയത്. എന്നാൽ ഭാവിയിൽ റയൽ മാഡ്രിഡിലേക്ക് തന്നെ തിരിച്ചെത്താനുള്ള സാധ്യതയും താരം ചൂണ്ടിക്കാണിക്കുന്നു. സ്പാനിഷ് റേഡിയോയായ കാഡേനാ സെറിന്റെ സ്‌പോർട്സ്‌ പ്രോഗ്രാമായ എൽ ലാർഗ്വേരോ എന്ന പ്രോഗ്രാമിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

“മാഡ്രിഡ്‌ എന്റെ വീടാണ്, അവിടെയാണ് ഞാൻ വളർന്നു വന്നതും. ഭാവിയിൽ എന്ത് സംഭവിക്കുമെന്നു നമുക്ക് പറയാനാവില്ല. എന്നിരുന്നാലും സാധ്യത കാണുന്നുണ്ട്. ഇതിനെക്കുറിച്ചു പരിശീലകനുമായി ഞാൻ ഒന്നും സംസാരിച്ചിട്ടില്ല. അതെല്ലാം ക്ലബ്ബിന്റെ തീരുമാനങ്ങളാണ്. എനിക്കറിയാം അവരെന്താണ് എന്നെക്കുറിച്ചു ചിന്തിക്കുന്നതെന്നു. എനിക്കൊരു തീരുമാനത്തിലെത്തേണ്ടതുണ്ട്. കാലം അതു ഒരിക്കൽ പറയും. അതിന്റെ വിശദീകരണം ഞാൻ ഒരിക്കലും അവരോട് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ” റെഗ്വിലോൺ അഭിപ്രായപ്പെട്ടു.

ടോട്ടെനവുമായുള്ള കരാറിൽ താരത്തെ തിരിച്ചു വാങ്ങിക്കാനുള്ള നിബന്ധനയുമുണ്ട്. ഭാവിയിൽ 40-45 മില്യൺ യൂറോക്ക് താരത്തിനെ മാഡ്രിഡിനു തിരിച്ചു വാങ്ങാം. ഈ നിബന്ധന കൂടി റയൽ മാഡ്രിഡ്‌ മുന്നോട്ടു വെച്ചതാണ് മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ നടക്കാതെ പോയത്. ടോട്ടനവുമായി റയൽ മാഡ്രിഡ്‌ പിന്നീട് കരാറിലെത്തുകയായിരുന്നു. റെഗ്വിലോണിന് പിന്നാലെ ഗാരെത് ബെയ്‌ലും ടോട്ടനത്തിലേക്ക് ചേക്കേറിയിരുന്നു. ഇരുവരും മികച്ച പ്രകടനമാണ് ടോട്ടനത്തിൽ നടത്തുന്നത്.

Rate this post