ക്ലബ്ബില്ലാതെ റാമോസ്; താരത്തെ സ്വന്തമാക്കാനുള്ള സ്പാനിഷ് ക്ലബ്ബിന്റെ നീക്കവും പാളി

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ സെർജിയോ റാമോസിന് ഈ സീസണിൽ ക്ലബ്ബില്ല. ഫ്രഞ്ച് ക്ലബ്‌ പാരിസ് സൈന്റ് ജെർമന് വേണ്ടി കളിച്ചിരുന്ന താരത്തിന് കഴിഞ്ഞ സീസണോട് കൂടി കരാർ കാലാവധി അവസാനിച്ചിരുന്നു. പിന്നീട് താരത്തിനെ നിലനിർത്താൻ പിഎസ്ജി തയാറാവത്തതോടെ താരം ഫ്രീ ഏജന്റ് ആവുകയയായിരുന്നു.

മേജർ ലീഗ് സോക്കർ ക്ലബ്‌ ലോസ് ഏയ്ഞ്ചൽസ് എഫ്സി സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ആ നീക്കം വിജയിച്ചില്ല. ട്രാൻസ്ഫർ വിൻഡോയുടെ ഡെഡ് ലൈൻ ദിവസമായ ഇന്നലെ താരത്തിനായി ലാലിഗ ക്ലബ്‌ റയൽ വല്ലക്കാനോ ശ്രമങ്ങൾ നടത്തിയിരുന്നു. മാഡ്രിഡ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാലിഗ ക്ലബ്ബാണ് റയൽ വല്ലക്കാനോ. എന്നാൽ താരവുമായുള്ള ട്രാൻസ്ഫർ നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു. താരത്തിന്റെ ഉയർന്ന പ്രതിഫലമാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്നാണ് സൂചനകൾ. ഈ ചർച്ചയും പരാജയപ്പെട്ടതോടെ താരത്തിന് ട്രാൻസ്ഫർ വിൻഡോയിലൂടെ ഒരു ക്ലബ്ബിലേക്കും പോകാനായില്ല.

നിലവിൽ താരം ഒരു ക്ലബ്ബിന്റെ ഭാഗമല്ലെങ്കിലും താരം ഫ്രീ ഏജന്റ് ആയതിനാൽ താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ എപ്പോൾ വേണമെങ്കിലും നടത്താൻ പറ്റും. സൗദി ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നത് സെപ്റ്റംബർ 7 നാണ് എന്നതിനാൽ ഫ്രീ ഏജന്റ് ആയ താരത്തിന് വേണ്ടി സൗദി ശ്രമങ്ങൾ നടത്തിയേക്കും.

നീണ്ട 16 വർഷം റയൽ മാഡ്രിഡിനായി കളിച്ച റാമോസ് 2021 ലാണ് പിഎസ്ജിയിൽ എത്തുന്നത്. എന്നാൽ പിഎസ്ജിയിൽ താരത്തിന് തന്റെ പഴയ പ്രതാപത്തിൽ പന്ത് തട്ടാനായില്ല.