ബയേൺ മ്യൂണിക്ക് പുറത്താക്കിയ ജൂലിയൻ നാഗേൽസ്‌മാനു വേണ്ടി റയൽ മാഡ്രിഡും രംഗത്ത്
ബയേൺ മ്യൂണിക്ക് പരിശീലകസ്ഥാനത്തു നിന്നും ജൂലിയൻ നാഗേൽസ്‌മാനെ പുറത്താക്കിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ കളിച്ച എല്ലാ മത്സരത്തിലും വിജയം നേടിയ അദ്ദേഹം ബാഴ്‌സലോണ, പിഎസ്‌ജി തുടങ്ങിയ ക്ലബുകളെ കീഴടക്കി നിൽക്കുമ്പോഴാണ് പുറത്തു പോകുന്നത്. പകരക്കാരനായി ടുഷെലിനെ അവർ നിയമിക്കുകയും ചെയ്‌തു.
ബയേൺ മ്യൂണിക്ക് പുറത്താക്കിയെങ്കിലും ക്ലബിനൊപ്പം അദ്ദേഹം ചെയ്‌ത പ്രവർത്തനങ്ങൾ പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ജർമൻ പരിശീലകനു വേണ്ടി മറ്റു ക്ലബുകൾ രംഗത്ത് വന്നിട്ടുമുണ്ട്. അന്റോണിയോ കോണ്ടെയുടെ ഒഴിവിലേക്ക് പുതിയ പരിശീലകനെ തേടുന്ന ടോട്ടനമാണ് നാഗേൽസ്‌മാനു വേണ്ടി പ്രധാനമായും രംഗത്തുള്ളത്.
എന്നാൽ ടോട്ടനത്തിനു വലിയ വെല്ലുവിളി തന്നെ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സ്‌പാനിഷ് ക്ലബായ റയൽ മാഡ്രിഡിനും ജർമൻ പരിശീലകനിൽ താത്പര്യമുണ്ടെന്നാണ് അഭ്യൂഹങ്ങൾ. ഈ സീസണ് ശേഷം സ്ഥാനമൊഴിയാൻ സാധ്യതയുള്ള കാർലോ ആൻസലോട്ടിക്ക് പകരക്കാരനായാണ് നാഗേൽസ്‌മാനെ അവർ നോട്ടമിടുന്നത്.
കാർലോ ആൻസലോട്ടി ഈ സീസണ് ശേഷം ബ്രസീൽ ടീമിന്റെ പരിശീലകനാവാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിന്റെ സൂചനകൾ പല ഭാഗത്തു നിന്നും വരികയും ചെയ്യുന്നു. അതിനു പകരം ക്ലബിന്റെ ദീർഘകാല ലക്ഷ്യങ്ങൾക്കു വേണ്ടി ചെറുപ്പക്കാരനായ പരിശീലകനെ നോട്ടമിടുന്ന റയൽ മാഡ്രിഡ് മുപ്പത്തിയഞ്ചു വയസുള്ള നഗൽസ്‌മാൻ അനുയോജ്യനാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
🚨 Julian Nagelsmann has been on Real Madrid's radar for some time.
— Transfer News Live (@DeadlineDayLive) March 25, 2023
He will be one of their options if Carlo Ancelotti leaves.
(Source: @TheAthleticFC ) pic.twitter.com/VXHb63H715
അതേസമയം ജർമൻ പരിശീലകനെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കുമായി റയൽ മാഡ്രിഡ് ധാരണയിൽ എത്തേണ്ടി വരും. പുറത്താക്കിയെങ്കിലും ഇപ്പോഴും ബയേൺ മ്യൂണിക്ക് അദ്ദേഹത്തിന്റെ പ്രതിഫലം നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ നാഗേൽസ്‌മാനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ക്ലബുകൾ നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ ബയേൺ മ്യൂണിക്കുമായി സംസാരിച്ച് തീരുമാനത്തിൽ എത്തേണ്ടതുണ്ട്.