അമ്പോ.. കിടിലൻ നീക്കം; ജർമനിയുടെ അത്ഭുതബാലനെ നോട്ടമിട്ട് റയൽ മാഡ്രിഡ്

യുവതാരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ മികവ് പുലർത്താറുള്ള സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് മറ്റൊരു സൂപ്പർ യുവതാരത്തെ കൂടി റാഞ്ചാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ബയേൺ മ്യുണിക്കിന്റെ ജർമ്മൻ യുവതാരം ജമാൽ മ്യൂസിയാലയെയാണ് റയൽ ലക്ഷം വെക്കുന്നത്.

അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കാൻ കെൽപ്പുള്ള ഈ 20കാരൻ ലോക ഫുട്ബോളിൽ തന്നെ അടുത്ത ഭാവിതാരമായി കണക്കാക്കുന്ന താരം കൂടിയാണ്.2020 മുതൽ താരം ബയേണിന്റെ കൂടെയാണ്. ബയേണിനായി ഇതിനോടകം 95 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 23 ഗോളുകളും നേടിയിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിനായി 25 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. നേരത്തെ ഇംഗ്ലണ്ട് അണ്ടർ 15,16,17,21 ടീമുകൾക്കായും ജർമ്മനിയുടെ അണ്ടർ 16 ടീമിനായും താരം കളിച്ചിട്ടുണ്ട്.

പ്രീമിയർ ലീഗ് ക്ലബ്ബുകളായ സതാപ്ടൻ, ചെൽസി എന്നിവരുടെ യൂത്ത് അക്കാദമിയിലും താരം ബൂട്ട് അണിഞ്ഞിട്ടുണ്ട്.ജൂഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ തുടങ്ങിയ ഒരു പിടി മികച്ച യുവതാരങ്ങളുള്ള റയൽ മ്യൂസിയാലയെ കൂടി സ്വന്തമാക്കി ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുകയാണ്.

താരത്തിനായി റയൽ നീക്കങ്ങൾ നടത്തുന്നുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും താരത്തിന്റെ ക്ലബ്ബായ ബയേൺ താരത്തെ വിട്ടു നൽകുമോ എന്നുള്ള കാര്യവും കണ്ടറിയേണ്ടതുണ്ട്. കാരണം മ്യൂസിയാലയിലൂടെ വലിയ പദ്ധതികളാണ് ബയേണും ആവിഷ്കരിച്ചിട്ടുള്ളത്.

Rate this post