എൽ ക്ലാസിക്കോ : സ്വന്തം മൈതാനത്ത് തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ

എൽ ക്ലാസ്സിക്ക പോരാട്ടത്തിൽ തകർപ്പൻ ജയം നേടി റയൽ മാഡ്രിഡ്. നൗ ക്യാമ്പിൽ നിറഞ്ഞു കവിഞ്ഞ ബാഴ്സ ആരാധകർക്ക് മുന്നിൽ വെച്ചായിരുന്നു റയലിന്റെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.തുടർച്ചയായ രണ്ടു വിജയങ്ങളുടെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബാഴ്സലോണക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ക്യാമൊനുവിൽ പതിയെ ആണ് മത്സരം തുടങ്ങിയത്. ഇരുടീമുകളും പതിയെ മാത്രമാണ് കളി തുടങ്ങിയത്. ആദ്യ മികച്ച അവസരം ലഭിച്ചത് ബാഴ്സലോണക്ക് ആയിരുന്നു. അവരുടെ ഫുൾബാക്കായ ഡെസ്റ്റിന് കിട്ടിയ തുറന്ന അവസരം ലക്ഷ്യത്തിൽ എത്തിക്കാൻ താരത്തിനായില്ല. കളി പുരോഗമിക്കും തോറും കളിയിൽ റയൽ അവസരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.

32ആം മിനുട്ടിൽ റയൽ മാഡ്രിഡ് ആരാധകർ ആഗ്രഹിച്ച നിമിഷം എത്തി. ഒരു കൗണ്ടറിലൂടെ ബാഴ്സലോണ ഡിഫൻസിനെ മറികടന്ന് മുന്നേറിയ റയൽ മാഡ്രിഡ് അലാബയിലൂടെ ലീഡ് എടുത്തു. റോഡ്രിഗോയുടെ പാസ് സ്വീകരിച്ച് അലാബ തൊടുത്ത ബുള്ളറ്റ് ഡൈവ് ചെയ്ത ടെർ സ്റ്റേഗന് തടയാൻ ആയില്ല.

രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ബാഴ്സലോണ ശ്രമിച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കുക അവർക്ക് ഒട്ടും എളുപ്പമായില്ല. ബാഴ്സലോണ ഫതിയെ പിൻവലിച്ച് അഗ്വേറോയെ ഇറക്കി നോക്കി എങ്കിലും കാര്യമുണ്ടായില്ല. ഇഞ്ച്വറി ടൈമിൽ ഒരു കൗണ്ടറിലൂടെ ലൂകാസ് വാസ്കസും കൂടെ നിറയൊഴിച്ചതോടെ ബാഴ്സലോണയുടെ പരാജയം ഉറപ്പായി. 97ആം മിനുട്ടിൽ അഗ്വേറോ ഒരു ഗോൾ മടക്കി എങ്കിലും സമയം വൈകിയിരുന്നു.

ഈ വിജയം റയൽ മാഡ്രിഡിനെ 20 പോയിന്റുമായി ലീഗിൽ തിരികെ ഒന്നാമത് എത്തിച്ചു. ഇന്നത്തെ പരാജയത്തോടെ ബാഴ്സലോണ 15 പോയിന്റുമായി എട്ടാമത് നിൽക്കുകയാണ്. ഈ പരാജയം റൊണാൾഡ് കോമാന്റെ പരിശീലക സ്ഥാനം വീണ്ടും സമ്മർദ്ദത്തിൽ ആക്കും.‌

Rate this post