ഗോളുമായി ബെല്ലിംഗ്ഹാം : പ്രീ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി റയൽ മാഡ്രിഡ്

തുടർച്ചയായ രണ്ടാമത്തെ പ്രീ-സീസൺ സൗഹൃദ മത്സരത്തിലും തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാം റയൽ മാഡ്രിഡിനായി തന്റെ ആദ്യ ഗോൾ നേടി. ഈ സമ്മറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 88.5 മില്യൺ പൗണ്ടിന് റയലിലെത്തിയ ബെല്ലിംഗ്ഹാം ഹൂസ്റ്റണിൽ തിങ്ങി നിറഞ്ഞ 7,801 കാണികൾക്ക് മുന്നിൽ തന്നെ ഗോൾ നേടി.20-കാരൻ 45 മിനിറ്റ് മാത്രമാണ് ആദ്യ മത്സരത്തിൽ കളിച്ചത്.രണ്ടാം പകുതിയുടെ അവസാനത്തിൽ പകരക്കാരനായ ജോസെലു ഒരു അക്രോബാറ്റിക് ഓവർഹെഡ് കിക്കിലൂടെ റയൽ മാഡ്രിഡിന്റെ രണ്ടാമത്തെ ഗോൾ നേടി.

ആദ്യ പകുതിയിൽ സമനില നേടാൻ മേസൺ മൗണ്ടിന് അവസരം ലഭിച്ചെങ്കിലും മുൻ ചെൽസി താരത്തിന് അത് മുതലാക്കാൻ സാധിച്ചില്ല.പുതുമുഖമായ ആന്ദ്രെ ഒനാന തന്റെ ആദ്യ യുണൈറ്റഡ് മത്സരത്തിൽ തന്നെ മികച്ചൊരു സേവ് നടത്തുകയും ചെയ്തു.ഒരു സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ യുണൈറ്റഡ് കോച്ച് ഇത്രയധികം വ്യഗ്രത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് കാണിക്കുന്ന ഒരു മത്സരമായിരുന്നു റയലിനെതിരെ നടന്നത്.ഒരു മികച്ച ഫിനിഷറുടെ അഭാവം യുണൈറ്റഡ് നിരയിൽ പ്രകടമായിരുന്നു.

പ്രീ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത എതിരാളികൾ ബൊറൂസിയ ഡോർട്മുണ്ടാണ്. അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ല ലിഗ ചാമ്പ്യന്മാരായ ബാഴ്സലോണയാണ്.