റയൽ മാഡ്രിഡ് പരിശീലകനായി തിരിച്ചെത്തിയ കാർലോ ആൻസലോട്ടി കഴിഞ്ഞ സീസണിൽ ടീമിന് പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടവും സ്‌പാനിഷ് ലീഗും സമ്മാനിച്ചിരുന്നു. ഈ സീസണിലും ചാമ്പ്യൻസ് ലീഗ് അടക്കം മൂന്നു കിരീടങ്ങൾ ഇപ്പോഴും റയൽ മാഡ്രിഡിന് സ്വപ്‌നം കാണാമെങ്കിലും ടീമിന്റെ ഫോമിൽ സ്ഥിരതയില്ലാത്തത് ഒരു ഭീഷണി തന്നെയാണ്.
ഈ സീസണിന് ശേഷം റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്ത് കാർലോ ആൻസലോട്ടി തുടരുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ തേടുന്ന ബ്രസീലിന്റെ ഒന്നാമത്തെ ലക്‌ഷ്യം ആൻസലോട്ടിയാണ്. ഈ സീസണിന് ശേഷം അദ്ദേഹം കാനറിപ്പടയുടെ ചുമതല ഏറ്റെടുക്കുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുന്നുമുണ്ട്.
ആൻസലോട്ടി പരിശീലകസ്ഥാനത്തു നിന്നും മാറിയാൽ അതിനു പകരം ആരെയെത്തിക്കണമെന്ന കാര്യത്തിൽ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സ്പോർട്ട് വെളിപ്പെടുത്തുന്നത് പ്രകാരം മുൻ റയൽ മാഡ്രിഡ്, സ്പെയിൻ താരമായ സാബി അലോൻസോയാണ് പെരസ് പ്രധാനമായും പരിഗണിക്കുന്നത്.
ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലും കളിച്ചിട്ടുള്ള സാബി അലോൺസോ നിലവിൽ ബുണ്ടസ്‌ലീഗ ക്ലബായ ബയേർ ലെവർകൂസൻറെ പരിശീലകനാണ്. ലീഗിൽ എട്ടാം സ്ഥാനത്താണ് നിൽക്കുന്നതെങ്കിലും അദ്ദേഹത്തിന് കീഴിൽ ടീം മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ പിന്നിൽ നിന്നും തിരിച്ചടിച്ച് തോൽപിച്ചത് ഇത് വ്യക്തമാക്കുന്നു.
Should Carlo Ancelotti leave Real Madrid at the end of the season, Xabi Alonso is Florentino Perez's favourite to take over as head coach. (Sport)
— Football España (@footballespana_) March 22, 2023
The former Los Blancos player has excelled as manager of Bayer Leverkusen, since taking over in October. pic.twitter.com/Xv52qnMNvb
മുൻതാരമായ സിദാനെ പരിശീലകനാക്കിയപ്പോൾ അദ്ദേഹം വമ്പൻ നേട്ടങ്ങൾ റയൽ മാഡ്രിഡിൽ എത്തിച്ചിരുന്നു. അതുപോലെ അലോൻസോക്കും കഴിയുമെന്നാണ് പെരസ് കരുതുന്നത്. അതേസമയം സ്ഥാനമൊഴിയുന്നതിനു മുൻപ് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി റയൽ മാഡ്രിഡിന് സ്വന്തമാക്കി നൽകുക എന്നതാകും ആൻസലോട്ടിയുടെ ലക്‌ഷ്യം.