ആവേശപ്പോരിൽ നാപോളിയെ വീഴ്ത്തി റയൽ മാഡ്രിഡ് : ആഴ്സണലിന് തോൽവി : ഇന്റർ മിലാന് ജയം
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സി പോരാട്ടത്തിൽ നാപോളിക്കെതിരെ വിജയവുമായി റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്.രണ്ടാം പകുതിയുടെ അവസാനത്തിൽ ഇറ്റാലിയൻ ടീമിന്റെ കീപ്പർ അലക്സ് മെറെറ്റിന്റെ നിർഭാഗ്യകരമായ സെൽഫ് ഗോളിൽ ആണ് റയൽ വിജയിച്ചു കയറിയത്.ഗ്രൂപ്പ് സിയിൽ രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റുമായി റയൽ ഒന്നാമതാണ്.
മൂന്ന് പോയിന്റുമായി നാപ്പോളിയും ബ്രാഗയും അടുത്ത സ്ഥാനങ്ങളിലാണ്.യൂണിയൻ ബെർലിൻ പോയിന്റില്ലാതെ ഏറ്റവും താഴെയാണ്.19-ാം മിനിറ്റിൽ ഓസ്റ്റിഗാർഡിന്റെ ഹെഡ്ഡറിലൂടെ നാപോളിയാണ് ലീഡ് നേടിയത്. എന്നാൽ 27 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിൽ റയൽ മാഡ്രിഡ് സമനില പിടിച്ചു. 34-ാം മിനിറ്റിൽ മൂന്ന് നാപ്പോളി ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത് ബെല്ലിംഗ്ഹാം മാഡ്രിഡിനെ മുന്നിലെത്തിച്ചു.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നാപോളി തിരിച്ചുവരികയും 54-ാം മിനിറ്റിൽ വിഎആർ പരിശോധനയ്ക്ക് ശേഷം ഡിഫൻഡർ നാച്ചോയുടെ ഹാൻഡ്‌ബോളിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും സീലിൻസ്‌കി സമനില നേടുകയും ചെയ്തു.റയൽ കളിക്കാരും കോച്ച് കാർലോ ആൻസലോട്ടിയും തീരുമാനത്തിൽ കുപിതരായി ഫറി ക്ലെമന്റ് ടർപിനിനോട് പരാതിപ്പെട്ടു.
തിങ്ങി നിറഞ്ഞ ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ നാപോളി വിജയ ഗോളിനായി കടന്നാക്രമിച്ചു.ഖ്വിച ക്വാററ്റ്‌സ്‌കെലിയ, വിക്ടർ ഒസിംഹെൻ എന്നിവരുടെ ഗോൾ ശ്രമങ്ങൾ അരിസാബലാഗ തടഞ്ഞു.വെറ്ററൻ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച് കളിയുടെ അവസാനത്തിൽ ഇറങ്ങിയതോടെ റയൽ മാഡ്രിഡ് ഉണർന്നു. 78 ആം മിനുട്ടിൽ വാൽവെർഡെയുടെഷോട്ട് ഗോളായി മാറി , പക്ഷെ കീപ്പർ അലക്സ് മെറെറ്റിന്റെ സെല്ഫ് ഗോളായാണ് അത് കണക്കാക്കിയത്.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രഞ്ച് ക്ലബ് ലെൻസ് ആണ് ഇംഗ്ലീഷ് വമ്പന്മാരെ പരാജയപ്പെടുത്തിയത്.ഫലം രണ്ട് കളികളിൽ നിന്ന് നാല് പോയിന്റുമായി ലീഗ് 1 ടീമിനെ ഒന്നാമതെത്തിച്ചു.21 വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ഹോം ഗെയിമിനിറങ്ങിയ ലെൻസ് ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടു ഗോൾ നേടിയാണ് വിജയം നേടിയത്.14 ആം മിനുട്ടിൽ ഗബ്രിയേൽ ജീസസ് നേടിയ ഗോളിൽ ആഴ്‌സണൽ മുന്നിലെത്തി. 25 ആം മിനുട്ടിൽ അഡ്രിയൻ തോമസ്‌സൺ ലെന്സിന് സമനില നേടിക്കൊടുത്തു. 69 ആം മിനുട്ടിൽ എലി വാഹി ലെൻസിന്റെ വിജയ ഗോൾ നേടി. രണ്ടു മത്സരങ്ങളിൽ നിന്നും 3 പോയിന്റുമായി ആഴ്‌സണൽ രണ്ടാം സ്ഥാനത്താണ്.
സാൻ സിറോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി മത്സരത്തിൽ മാർക്കസ് തുറാമിന്റെ മിന്നുന്ന ഗോളിൽ ഇന്റർ മിലാൻ 1-0 ന് ബെൻഫിക്കയെ പരാജയപ്പെടുത്തി.കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ റണ്ണേഴ്‌സ് അപ്പായ സീരി എ ലീഡർമാർ ഗ്രൂപ്പ് സ്റ്റാൻഡിംഗിൽ റയൽ സോസിഡാഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.61-ാം മിനിറ്റിൽ നിക്കോളോ ബരെല്ലയുടെ മികച്ച ലോംഗ് പാസിൽ നിന്ന് ഡംഫ്രീസിന്റെ ക്രോസ് ഫിനിഷ് ചെയ്ത് തുറാം ഇന്ററിന് വിജയം സമ്മാനിച്ചു.