റയൽ മാഡ്രിഡ്‌ ഡിഫൻഡർക്കായി ഇറ്റലിയിൽ പോര്, തമ്മിലടിക്കുന്നത് നാപോളിയും റോമയും മിലാനും.

വരുന്ന സീസണിൽ റയൽ മാഡ്രിഡിൽ തുടരാൻ വലിയ തോതിൽ താല്പര്യമില്ലാത്ത പ്രതിരോധനിര താരമാണ് നാച്ചോ ഫെർണാണ്ടസ്. താരത്തിന് റയൽ മാഡ്രിഡിൽ വേണ്ട രീതിയിലുള്ള അവസരങ്ങൾ ലഭിച്ചിട്ടില്ലായിരുന്നു. സൂപ്പർ താരങ്ങളായ സെർജിയോ റാമോസും റാഫേൽ വരാനെയും പ്രതിരോധനിരയിലെ സ്ഥിരസാന്നിധ്യങ്ങളാണ്. കൂടാതെ ബ്രസീൽ താരം മിലിറ്റാവോയാണ് ഇരുവർക്കും പകരമായി കഴിഞ്ഞ സീസണിൽ കൂടുതലും കളത്തിലിറങ്ങിയത്.

ഇത്കൊണ്ട് തന്നെ നാച്ചോക്ക് വല്ലപ്പോഴും മാത്രമേ അവസരങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നുള്ളൂ. മുപ്പതു വയസ്സുകാരനായ താരം കഴിഞ്ഞ സീസണിൽ കേവലം പത്ത് മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. അതായത് കേവലം 685 മിനുട്ടുകൾ മാത്രം. ഇതുകൊണ്ട് തന്നെ താരം റയലിൽ തീർത്തും അസംതൃപ്തനാണ് എന്ന് മാത്രമല്ല ഇപ്പോൾ ക്ലബ് വിടാനുള്ള ഒരുക്കത്തിലുമാണ്.

ഇപ്പോഴിതാ താരത്തിന് വേണ്ടി ഇറ്റാലിയൻ സിരി എയിൽ പോരാണ്. മൂന്നു വമ്പൻ ക്ലബുകളാണ് താരത്തിന് രംഗത്ത് വന്നിരിക്കുന്നത്. റോമ, നാപോളി, എസി മിലാൻ എന്നിവരാണ് താരത്തെ സ്വന്തമാക്കാൻ വേണ്ടി മുന്നോട്ട് വന്നിരിക്കുന്നത്. ഈ മൂന്ന് ക്ലബുകൾക്കും ഈ സ്പാനിഷ് താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ട്. എന്നാൽ നാപോളിയാണ് ഒരല്പം ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ക്ലബ് വിടുന്ന കൂലിബലിക്ക് പകരക്കാരൻ എന്ന രൂപത്തിൽ ആണ് നാച്ചോയെ പരിഗണിക്കുന്നത്.

മൂന്ന് ക്ലബുകളും താരത്തിന്റെ പ്രതിനിധികളുമായി സംസാരിച്ചു കഴിഞ്ഞു എന്നാണ് ഡയാറിയോ എഎസ് റിപ്പോർട്ട്‌ ചെയ്യുന്നത്. താരത്തിന്റെ പ്രതിനിധികളും താരത്തോട് ഇറ്റലിയിലേക്ക് നീങ്ങാൻ തന്നെയാണ് ഉപദേശം നൽകിയിരിക്കുന്നത്. ഇനി രണ്ടാഴ്ച്ച മാത്രമേ ട്രാൻസ്ഫർ വിൻഡോ അടക്കാൻ സമയമൊള്ളൂ. അതിന് മുമ്പ് ഒരു ക്ലബ് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാച്ചോ.