മെസിയും അർജന്റീനയും തൂത്തുവാരിയ ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ നിന്നും വിട്ടുനിന്ന് റയൽ മാഡ്രിഡ്

ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഫിഫ ബെസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അർജന്റീന താരങ്ങളാണ് അതിൽ ആധിപത്യം സ്ഥാപിച്ചത്. ലയണൽ മെസി മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയപ്പോൾ ലയണൽ സ്‌കലോണി മികച്ച പരിശീലകനുള്ള അവാർഡും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഖത്തർ ലോകകപ്പിലെ കിരീടനേട്ടമാണ് അർജന്റീന താരങ്ങൾ പുരസ്‌കാരം സ്വന്തമാക്കാൻ വഴിയൊരുക്കിയത്.

പുരസ്‌കാരത്തിന് അർജന്റീന താരങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടത് കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് വിജയികളായ റയൽ മാഡ്രിഡ് താരങ്ങളും പരിശീലകരുമായിരുന്നു. എന്നാൽ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിൽ കരിം ബെൻസിമ എംബാപ്പെക്ക് പിന്നിൽ മൂന്നാം സ്ഥാനത്ത് വന്നപ്പോൾ മികച്ച പരിശീലകൻ, മികച്ച ഗോൾകീപ്പർ എന്നീ പുരസ്‌കാരങ്ങളിൽ കാർലോ ആൻസലോട്ടി, തിബോ ക്വാർട്ടുവാ എന്നിവർ രണ്ടാം സ്ഥാനങ്ങൾ സ്വന്തമാക്കി.

അതേസമയം റയൽ മാഡ്രിഡിൽ നിന്നും പുരസ്‌കാരങ്ങൾ നേടാൻ സാധ്യതയുണ്ടായിരുന്ന മൂന്നു പേരും ഫിഫ ദി ബെസ്റ്റ് അവാർഡ് നേടാനുള്ള ചടങ്ങിൽ പങ്കെടുത്തില്ലെന്നത് ശ്രദ്ധേയമാണ്. തങ്ങൾക്ക് പുരസ്‌കാരം ലഭിക്കില്ലെന്ന് നേരത്തെ അറിയില്ലെന്നതു കൊണ്ടാണോ ഈ താരങ്ങൾ വിട്ടുനിന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. ബാഴ്‌സലോണക്കെതിരായ കോപ്പ ഡെൽ റേ മത്സരത്തിനായുള്ള തയ്യാറെടുപ്പിനു വേണ്ടിയാണ് റയൽ മാഡ്രിഡ് താരങ്ങൾ വിട്ടുനിന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഫിഫ ബെസ്റ്റ് ഇലവനിൽ റയൽ മാഡ്രിഡ് താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. തിബോ ക്വാർട്ടുവ ഗോൾകീപ്പറായി വന്നപ്പോൾ മധ്യനിരയിൽ ലൂക്ക മോഡ്രിച്ചും മുന്നേറ്റനിരയിൽ കരിം ബെൻസിമയും ഇടം പിടിച്ചു. റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടുകയും പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുകയും ചെയ്‌ത ബ്രസീലിയൻ താരം കസമീറോയും ഫിഫ ബെസ്റ്റ് ഇലവനിൽ ഉൾപ്പെട്ടിട്ടുണ്ട്.

റയൽ മാഡ്രിഡിൽ നിന്നും ആകെ ഒരാൾ മാത്രമാണ് ഫിഫ ബെസ്റ്റ് അവാർഡിൽ പങ്കെടുത്തത്. ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷന്സിന്റെ തലവനായ എമിലിയോ ബട്ട്റാഗുവേനയാണ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് പാരീസിലെ ചടങ്ങിൽ പങ്കെടുത്തത്. റയൽ മാഡ്രിഡിൽ നിന്നുള്ള താരങ്ങളുടെ അഭാവം ചടങ്ങിൽ ശ്രദ്ധിക്കപ്പെട്ടുവെന്നതിൽ സംശയമില്ല.

Rate this post