15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി ചരിത്രമെഴുതി റയൽ മാഡ്രിഡ് | Real Madrid
ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി 15-ാമത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്.വെംബ്ലിയിൽ നടന്ന ഫൈനൽ മത്സരത്തിൽ രണ്ടാം പകുതിയിൽ ഡാനി കാർവാജലും വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം.
2021-22 സീസണില്‍ ആയിരുന്നു റയല്‍ അവസാനമായി ചാമ്പ്യൻസ് ലീഗ് നേടിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡോര്‍ട്ട്മുണ്ട് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പലതവണ ഗോളടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നിർഭാഗ്യം തിരിച്ചടിയായി. ഇരുടീമുകളുടെയും ഗോൾ നേട്ടമില്ലാതെ ആദ്യ പകുതി അവസാനിച്ചു.20-ാം മിനിറ്റില്‍ ഡോര്‍ട്മുണ്ട് മുന്നേറാന്‍ ശ്രമിച്ചെങ്കിലും റയല്‍ പ്രതിരോധം ഗോള്‍ വഴങ്ങാന്‍ അനുവദിച്ചില്ല. 22-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഫുള്‍ക്ബര്‍ഗിനും മികച്ച അവസരം ലഭിച്ചുവെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി.
രണ്ടാം പകുതിയില്‍ റയല്‍ മികച്ച കളി കാഴ്ചവെച്ചു. 74-ാം മിനിറ്റില്‍ വെംബ്ലിയില്‍ റയലിന്റെ ആദ്യ ഗോളെത്തി. ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ കിക്ക് തകർപ്പൻ ഒരു ഹെഡറിലൂടെ ഡാനി കാര്‍വഹാല്‍ വലകുലുക്കി. പിന്നെ റയൽ നിര ആക്രമണം ശക്തിപ്പെടുത്തിയതോടെ ഡോർട്ട്മുണ്ടിന് തിരിച്ചുവരവ് സാധ്യമല്ലാതായി. 83-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയര്‍ കൂടി ഗോൾ നേടിയതോടെ റയൽ ജയമുറപ്പിച്ചു.
അവസാനനിമിഷം ഡോര്‍ട്ട്മുണ്ട് ഒരു ഗോൾ മടക്കിയെങ്കിലും ഓഫ്സൈഡ് നിയമത്തിൽ കുരുങ്ങി. വൈകാതെ റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതോടെ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടു.ആൻസലോട്ടി തൻ്റെ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം ആണ് ഇന്നലെ ഉയർത്തിയത്.