റയൽ മാഡ്രിഡ് താരത്തിന്റെ വീട്ടിലേക്ക് ഇരുമ്പു ദണ്ഡുകളുമായി അതിക്രമിച്ചു കയറാൻ ശ്രമം

ഫുട്ബോൾ താരങ്ങൾക്കു നേരെയുള്ള അക്രമവും മോഷണശ്രമവുമാണ് ഇപ്പോൾ സ്പെയിനിൽ നിന്നുള്ള വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. വളരെ കുറച്ചു ദിവസങ്ങളുടെ ഇടയിൽ ബാഴ്‌സലോണ താരങ്ങളായ റോബർട്ട് ലെവൻഡോസ്‌കിയും പിയറി എമറിക്ക് ഒബാമയെങ്ങും മോഷ്‌ടാക്കളുടെ ആക്രമണം നേരിടുകയുണ്ടായി. രണ്ടു പേരുടെയും സാധനങ്ങൾ അക്രമികൾ കൊള്ളയടിക്കുകയും ചെയ്‌തു. ഇപ്പോൾ സമാനമായൊരു മോഷണശ്രമത്തിന്റെ വാർത്ത കൂടി സ്പെയിനിൽ നിന്നും വന്നിരിക്കുന്നു. ഇത്തവണ റയൽ മാഡ്രിഡ് താരം ഡാനി കർവാഹാളിന്റെ വീട്ടിലാണ് മോഷ്‌ടാക്കൾ കയറാൻ ശ്രമിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം ചൊവ്വാഴ്‌ച പുലർച്ചെയാണ് ഡാനി കാർവാഹാളിന്റെ വീട്ടിലേക്ക് മോഷ്‌ടാക്കൾ എത്തിയത്. ഇരുമ്പുദണ്ഡുകൾ കയ്യിലുണ്ടായിരുന്ന അവർ താരത്തിന്റെ വീടിനുള്ളിലേക്ക് കയറാനും ശ്രമിക്കുകയുണ്ടായി. സംഭവം നടക്കുമ്പോൾ താരം വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിലെ തെർമൽ ക്യാമറകൾ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ മോഷ്‌ടാക്കൾ സ്ഥലം വിടുകയായിരുന്നു. താരം ഇതേക്കുറിച്ച് അറിഞ്ഞ് തന്റെ സ്റ്റാഫുകളോട് അപ്പോൾ തന്നെ വീടും പരിസരവും പരിശോധിക്കാൻ ആവശ്യപ്പെട്ടുവെന്ന് സ്‌പാനിഷ്‌ മാധ്യമം എൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടു ചെയ്യുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷ്‌ടാക്കൾ മതിൽ ചാടി താരത്തിന്റെ വീടിന്റെ പരിസരത്ത് ഏതാണ് ശ്രമിച്ചത് വ്യക്തമാണ്. എന്നാൽ വീടിനുള്ളിലേക്ക് കടക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഏതാനും ദിവസങ്ങളുടെ ഇടയിൽ സ്പെയിനിൽ മൂന്നാമത്തെ ഫുട്ബോൾ താരത്തിനു നേരെയും മോഷണശ്രമം നടന്നത് ആശങ്കകൾ സൃഷ്‌ടിച്ചിട്ടുണ്ട്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു എങ്കിലും മുൻ മോഷണങ്ങൾക്കു പിന്നിലുള്ള പ്രതികളെ ഇതുവരെയും അവർക്ക് കണ്ടെത്താൻ കഴിയാത്തത് ഒരു പോരായ്മയായി തുടരുന്നുണ്ട്.

ഒരാഴ്‌ച മുൻപാണ് ലെവൻഡോസ്‌കിയുടെ വിലപിടിപ്പുള്ള വാച്ച് മോഷ്‌ടിക്കപ്പെട്ടത്. ബാഴ്‌സലോണയിലേക്ക് പരിശീലനത്തിന് പോകുന്ന വഴിയിൽ താരം ഓട്ടോഗ്രാഫ് നൽകാൻ നിർത്തിയപ്പോൾ രണ്ടു പേർ വന്ന് ഭീഷണിപ്പെടുത്തി മോഷണം നടത്തുകയായിരുന്നു. അതിനു പുറമെയാണ് രണ്ടു ദിവസം മുൻപ് ഒബാമയാങ്ങിന്റെ വീട്ടിൽ മോഷണം നടന്നത്. താരത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളുകൾ ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി വസ്‌തുക്കൾ കവരുകയുണ്ടായി. ഒബാമയങ്ങിനെ അവർ മർദ്ദിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

Rate this post