ബെർണാബുവിൽ ഗോളിലേക്കൊരു ഷോട്ട് പോലുമടിക്കാൻ കഴിയാതെ നാണം കെട്ട് റയൽ മാഡ്രിഡ്

റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ കോപ്പ ഡെൽ റേ മത്സരത്തിനിറങ്ങുമ്പോൾ ബാഴ്‌സലോണയ്ക്ക് വലിയ ആശങ്ക ഉണ്ടായിരുന്നു. ടീമിലെ പ്രധാന താരങ്ങളുടെ പരിക്കായിരുന്നു അതിനു കാരണം. പെഡ്രി, ഡെംബലെ, ലെവൻഡോസ്‌കി, ക്രിസ്റ്റൻസെൻ എന്നിങ്ങനെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ നാല് താരങ്ങളാണ് കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്നത്.

എന്നാൽ ആക്രമണഫുട്ബോൾ വിട്ട് പ്രതിരോധത്തിലേക്ക് കൂടുതൽ വലിഞ്ഞ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ വലിഞ്ഞു മുറുക്കുന്ന കാഴ്‌ചയാണ്‌ മത്സരത്തിൽ കണ്ടത്. വിനീഷ്യസിനെ നേരിടാൻ സെൻട്രൽ ഡിഫെൻഡറായി കളിക്കുന്ന റൊണാൾഡ്‌ അറോഹോയെ റൈറ്റ് ബാക്കായി കളിപ്പിച്ചത് അതിൽ നിർണായകമായ ഒന്നായിരുന്നു. ബ്രസീലിയൻ താരത്തെ പൂട്ടാൻ അറോഹോക്ക് കഴിയുകയും ചെയ്‌തു.

മത്സരത്തിൽ പതിമൂന്നു ഷോട്ടുകൾ റയൽ മാഡ്രിഡ് ഉതിർത്തെങ്കിലും അതിൽ ഒരെണ്ണം പോലും ഓൺ ടാർഗറ്റ് അല്ലായിരുന്നുവെന്നത് ബാഴ്‌സലോണ പ്രതിരോധത്തിന്റെ മികവ് കാണിക്കുന്നു. അതേസമയം മത്സരത്തിൽ ആകെ നാല് ഷോട്ടുകൾ മാത്രമുതിർത്ത ബാഴ്‌സലോണ അതിൽ രണ്ടെണ്ണം ഓൺ ടാർഗറ്റ് ആക്കിയിരുന്നു.

മത്സരത്തിന്റെ ഇരുപത്തിയാറാം മിനുട്ടിൽ കെസിയുടെ ഷോട്ട് ക്വാർട്ടുവ തടുത്തത് മിലിറ്റാവോയുടെ ദേഹത്തു തട്ടി വലയിലെത്തിയാണ് ബാഴ്‌സലോണ ആദ്യത്തെ ഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ കെസി ഒരു ഗോൾ കൂടി നേടേണ്ടതായിരുന്നെങ്കിലും താരത്തിന്റെ ഷോട്ട് ഫാറ്റിയുടെ ദേഹത്ത് തട്ടി പുറത്തു പോയത് ബാഴ്‌സയ്ക്ക് നിരാശയായി.

താരങ്ങളുടെ എണ്ണം പരിമിതമായിട്ടും റയൽ മാഡ്രിഡിന്റെ മൈതാനത്ത് പൊരുതി നേടിയ ഈ വിജയം ബാഴ്‌സയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. രണ്ടാം പാദത്തിൽ ഈ താരങ്ങൾ തിരിച്ചു വരുമെന്നതും അത് സ്വന്തം മൈതാനത്താണ് നടക്കുകയെന്നതും ബാഴ്‌സലോണയ്ക്ക് കൂടുതൽ സാധ്യത നൽകുന്നു.

Rate this post