റയൽ മാഡ്രിഡിന് ജയം : പിഎസ്ജിക്ക് സമനില : ബയേൺ മ്യൂണിക്കിന് തോൽവി
ലാലിഗയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. റോഡ്രിഗോയും ജൂഡ് ബെല്ലിംഗ്ഹാമും നേടിയ ഗോളുകൾക്ക് അത്ലറ്റിക് ക്ലബ്ബിനെ 2 -0 ത്തിനാണ് റയൽ കീഴടക്കിയത്.ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 103 മില്യൺ യൂറോയ്ക്കും 30 മില്യൺ യൂറോയ്ക്കും ആഡ്-ഓണുകളിൽ ഒപ്പിട്ട പ്ലെയർ ഓഫ് ദി മാച്ച് ബെല്ലിംഗ്ഹാം അരങ്ങേറ്റത്തിൽ തന്നെ ഗോളുമായി തിളങ്ങി.
14-ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർഡെയ്ക്ക് മാഡ്രിഡിന്റെ ആദ്യ അവസരം ലഭിച്ചു.28-ാം മിനിറ്റിൽ അത്‌ലറ്റിക് പ്രതിരോധത്തിൽ നിന്നുള്ള പിഴവിന് ശേഷം റയൽ സ്കോറിംഗ് തുറന്നു.കാർവാഹാൾ കൊടുത്ത പാസിൽ നിന്നും റോഡ്രിഗോയാണ് റയലിനായി ഗോൾ നേടിയത്. 36 ആം മിനുട്ടിൽ കോർണറിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ ബെല്ലിങ്ങ്ഹാം റയലിന്റെ രണ്ടാം ഗോൾ നേടി.
മത്സരം റയലിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ലീഡ് വർദ്ധിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ നഷ്ടമായി.ഇടവേളയ്ക്ക് അഞ്ച് മിനിറ്റിന് ശേഷം ഇടത് കാൽമുട്ടിന് പരുക്ക് പറ്റിയ ഡിഫൻഡർ എഡർ മിലിറ്റാവോയെ റയലിന് നഷ്ടമായി.
ബയേൺ മ്യൂണിക്കുമായുള്ള ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയിനിന് നിരാശ.ജർമ്മൻ സൂപ്പർ കപ്പിൽ RB ലീപ്‌സിഗിനോട് 3-0 ത്തിന് ബയേൺ പരാജയപെട്ടു.നാല് വർഷത്തെ കരാറിൽ ജർമൻ ക്ലബ്ബിൽ ഒപ്പുവെച്ച കെയ്ൻ രണ്ടാം പകുതിയിൽ പകരക്കാരനായി കളിച്ചു.സ്പാനിഷ് താരം ഡാനി ഓൾമോയുടെ ഹാട്രിക്ക് ആണ് ലീപ്‌സിഗിന് വിജയം നേടിക്കൊടുത്തത്.വെർഡർ ബ്രെമനെതിരെ വെള്ളിയാഴ്ച ബുണ്ടസ്‌ലിഗ സീസൺ ആരംഭിക്കുന്ന ബയേൺ മ്യൂണിക്കിന് ഈ തോൽവി തിരിച്ചടിയാണ്.
നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിനും തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് അപ്രതീക്ഷിതമായ സമനില നേരിടേണ്ടിവന്നു. കിലിയൻ എംബാപ്പെ, നെയ്മർ ജൂനിയർ തുടങ്ങിയ സൂപ്പർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താതെ ഹോം സ്റ്റേഡിയത്തിൽ കളി ആരംഭിച്ച പി എസ് ജി എഫ്സി ലോറിയന്റിനോടാണ് ഗോൾരഹിത സമനിലയിൽ കുടുങ്ങിയത്.