റയൽ മാഡ്രിഡിൽ തന്നെ വിരമിക്കണം, ക്ലബ് വിടില്ലെന്ന പ്രഖ്യാപനവുമായി സൂപ്പർ താരം.

റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാനാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി സൂപ്പർ താരം ടോണി ക്രൂസ്. ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. റയൽ മാഡ്രിഡിൽ താൻ സന്തുഷ്ടനാണെന്നും ക്രൂസ് അറിയിച്ചു.

” എനിക്ക് റയൽ മാഡ്രിഡിൽ തന്നെ വിരമിക്കണം. ഞാൻ ഇവിടെ സന്തുഷ്ടനാണ്. എനിക്ക് ജർമ്മനിയിലേക്ക് തിരികെ പോവാൻ ആഗ്രഹമുണ്ട്. കാരണം എന്റെ രാജ്യമതാണ്. പക്ഷെ യഥാർത്ഥത്തിൽ മാഡ്രിഡിൽ ജീവിക്കുന്നതും കളിക്കുന്നതും ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. കഴിഞ്ഞ ആറു വർഷത്തിനിടയിൽ എനിക്ക് ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷെ ഞാൻ അവരോടൊന്നും സംസാരിച്ചിട്ടില്ല. കാരണം ഞാൻ ഇവിടെ സന്തോഷവാനാണ്. ഇവിടെ തന്നെ എന്റെ കരിയർ അവസാനിപ്പിക്കാനാണ് ഞാൻ ആലോചിക്കുന്നത് ” ക്രൂസ് പറഞ്ഞു.

2014-ലായിരുന്നു ടോണി ക്രൂസ് റയൽ മാഡ്രിഡിൽ എത്തിയത്. അന്ന് മുതൽ ഇതുവരെ റയലിൽ സ്ഥിരസാന്നിധ്യമാണ് താരം. റയൽ മാഡ്രിഡിന് വേണ്ടി 283 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. റയലിനോടൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗും രണ്ട് ലാലിഗയും നേടിയ താരം ആകെ പതിമൂന്ന് ട്രോഫികൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സമ്മറിലും താരം റയൽ മാഡ്രിഡ്‌ വിടില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

” ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് റയൽ മാഡ്രിഡുമായി സൈൻ ചെയ്തത്. ഞാനൊരിക്കലും അമേരിക്കയിലോ ചൈനയിലോ ഖത്തറിലോ കളിക്കാൻ പോവുന്നില്ല ” ഇതായിരുന്നു കഴിഞ്ഞ സമ്മറിൽ ജർമ്മൻ മാധ്യമമായ ബിൽഡിനോട് താരം പറഞ്ഞത്. മുപ്പത് വയസ്സുകാരനായ താരത്തിന് 2023 വരെ റയലിൽ കരാറുണ്ട്.

Rate this post