അപ്രതീക്ഷിത തോൽവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : ബ്രസീലിയൻ യുവ താരത്തിന്റെ മികവിൽ വിജയവുമായി ആഴ്‌സണൽ
യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത തോൽവി. ഓൾഡ് ട്രാഫൊഡിൽ നടന്ന മത്സരത്തിൽ സ്പാനിഷ് ക്ലബ് റയൽ സോസിഡാഡ് എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡിനെ കീഴടക്കിയത്.രണ്ടാം പകുതിയിലെ ഒരു തെറ്റായ പെനാൾട്ടി തീരുമാനം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്.
പ്രീമിയർ ലീഗിൽ തുടർച്ചയായി നാല് ജയങ്ങൾ കരസ്ഥമാക്കിയതിനു ശേഷമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ തോൽവി.കസെമെറോ, ക്രിസ്റ്റ്യാനോ, മഗ്വയർ എന്നിവർ എല്ലാം ഇന്നലെ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു.ആഗസ്റ്റ് 13-ന് ബ്രെന്റ്‌ഫോർഡിനോട് യുണൈറ്റഡ് 4-0ന് തോറ്റതിന് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി ഫസ്റ്റ് ഇലവനിൽ എത്തുന്നത്.36-ാം മിനിറ്റിൽ റൊണാൾഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചതായി തോന്നിച്ചെങ്കിലും ഓഫ്‌സൈഡായി മാറി.രണ്ടു ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.രണ്ടാം പകുതിയിലും യുണൈറ്റഡ് തന്നെയാണ് കളി നിയന്ത്രിച്ചത്. എന്നാൽ റഫറിയുടെ ഒരു അപ്രതീക്ഷിത വിധി മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതിസന്ധിയിൽ ആക്കി.
58ആം മിനുട്ടിൽ റഫറി വിളിച്ച ഹാൻഡ്ബോൾ റീപ്ലേകളിൽ തെറ്റാണെന്ന് മനസ്സിലായെങ്കിൽ വാറും റഫറിയും പെനാൾട്ടി നൽകാൻ തന്നെ തീരുമാനിച്ചു. ഒരു ഷോട്ട് തടയുന്നതിന് ഇടയിൽ കാലി തട്ടിയ ശേഷമായിരുന്നു മാർട്ടിനസിന്റെ കയ്യിൽ പന്ത് തട്ടിയത്.ബ്രെയ്‌സ് മെൻഡസ് ഡേവിഡ് ഡി ഗിയയെ തോൽപ്പിച്ച് സന്ദർശകരെ 1-0 ന് എത്തിച്ചു. സമനില ഗോൾ നേടുന്നതിനായി യുണൈറ്റഡ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.കളിയുടെ അവസാന നിമിഷങ്ങളിൽ റൊണാൾഡോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് നല്ല അവസരം വന്നു എങ്കിലും രണ്ടും റൊണാൾഡോക്ക് ഗോളിലേക്ക് തിരിച്ചു വിടാനായില്ല. പഴയ വേഗത റൊണാൾഡോക്ക് നഷ്ടപ്പെട്ടുവെന്ന് ഇന്നലത്തെ മത്സരത്തിൽ നിന്നും വ്യക്തമായി.റയൽ സോസിഡാഡിനെതിരെ പല അവസരങ്ങളിലും അത് കാണാൻ സാധിച്ചു.
മറ്റൊരു മത്സരത്തിയോ ആഴ്‌സണൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എഫ്.സി സൂറിച്ചിനെ പരാജയപ്പെടുത്തി.ബ്രസീലിയൻ കൗമാരക്കാരൻ മാർക്വിനോസ് ആഴ്സണൽ അരങ്ങേറ്റത്തിൽ ഗോൾ നേടി.ജൂണിൽ സാവോപോളോയിൽ നിന്ന് സൈൻ ചെയ്ത മാർക്വിനോസ് 16-ാം മിനിറ്റിൽ എഡ്ഡി എൻകെറ്റിയയുടെ ക്രോസിൽ നിന്ന് ആഴ്സണലിനെ മുന്നിലെത്തിച്ചു.ബോക്‌സിൽ എൻകെറ്റിയയുടെ ഫൗളിന് ലഭിച്ച പെനാൽറ്റി മിർലിൻഡ് ക്രെയ്‌സിയു ഗോളാക്കി മാറ്റിയപ്പോൾ പകുതി സമയത്തിന് തൊട്ടുമുമ്പ് സൂറിച്ച് സമനില പിടിച്ചു.ഒരു മണിക്കൂറിന് ശേഷം മാർക്വിനോസിന്റെ ക്രോസിൽ നിന്ന് ഹെഡ് ചെയ്ത് എൻകെറ്റിയ വിജയ ഗോൾ നേടി.തുടർന്നും ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചു എങ്കിലും ആഴ്‌സണലിന് അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.