ഹമേസിന്റെ വഴിയേ മറ്റൊരു റയൽ മാഡ്രിഡ് സൂപ്പർതാരവും എവർട്ടണിലേക്ക് ചേക്കേറുന്നു

റയൽ മാഡ്രിഡിൽ നിന്നും എവർട്ടണിലേക്കു ചേക്കേറി തകർപ്പൻ പ്രകടനം നടത്തുന്ന ഹമേസ് റോഡ്രിഗസിന്റെ പാത പിന്തുടർന്ന് ഇസ്കോയും. മുൻ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിക്കു കീഴിൽ കളിക്കാൻ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഇസ്കോ എവർട്ടണിലേക്കു ലോൺ അടിസ്ഥാനത്തിൽ ചേക്കേറുമെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ടു ചെയ്തു.

സിദാനു കീഴിൽ ഇസ്കോക്ക് ഈ സീസണിൽ അവസരങ്ങൾ വളരെ കുറവാണ്. അതിന്റെ രോഷം താരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ പകരക്കാരനായി ഇറക്കുമ്പോൾ സിദാൻ അതു വളരെ വൈകിപ്പിക്കുമെന്നും അതേ സമയം താൻ കളിക്കുകയാണെങ്കിൽ വളരെ പെട്ടെന്നു തന്നെ കയറ്റുമെന്നും താരം പ്രതികരിച്ചിരുന്നു.

അവസരങ്ങൾ കുറഞ്ഞ താരത്തെ ജനുവരിയിൽ ലോണിൽ വിടാൻ റയലിനും താൽപര്യമുണ്ട്. ലോൺ കരാറിനു ശേഷം താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ താൽപര്യമുള്ള ക്ലബുകളെയാണ് റയൽ പ്രധാനമായും പരിഗണിക്കുന്നത്. താരത്തിന്റെ മുഴുവൻ സാലറിയും ഈ ക്ലബ് തന്നെയാണു വഹിക്കേണ്ടത്.

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ എവർട്ടണിലേക്കു ചേക്കേറാനാണ് ഇസ്കോക്കു താൽപര്യമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഴ്സനലും യുവന്റസും സെവിയ്യയും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആൻസലോട്ടിയുടെ സാന്നിധ്യമാണ് ഇസ്കോയെ പ്രീമിയർ ലീഗിലേക്ക് ആകർഷിക്കുന്നത്.