റയൽ മാഡ്രിഡിൽ വിസ്മയം സൃഷ്‌ടിച്ച മാസ്മരിക കോംബോ !!! |Ronaldo | Ozil

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പറ്റിയ കൂട്ട് ആരാണെന്ന ചോദ്യം വന്നാൽ മാർസെല്ലോ ആണെന്ന് പറയുന്നവർ ആണ് ഭൂരിഭാഗം പേരും. എന്നാൽ മാർസെല്ലോ റൊണാൾഡോ കോംബോ ഫുട്‌ബോൾ ലോകത്തെ പിടിച്ചു കുലുക്കും മുമ്പേ തന്നെ അതേ ടീമിൽ വിപ്ലവം സൃഷ്ട്ടിച്ച മറ്റൊരു മാന്ത്രിക കൂട്ടുകെട്ട് ഉണ്ട്. അതേ, മറ്റാരുമല്ല അസിസ്റ്റുകളുടെ രാജാവ് എന്നു വിളിക്കപ്പെട്ടിരുന്ന സാക്ഷാൽ മെസ്യൂട്ട് ഓസിൽ തന്നെ. ക്രിസ്റ്റ്യാനോയുടെ പൾസറിഞ്ഞു പാസ്സ് ചെയ്യുന്ന കളിക്കാരൻ ആയിരുന്നു റയൽമഡ്രിഡിലെ മെസ്യൂട്ട് ഓസിൽ. നിറഞ്ഞ പുഞ്ചിരിയും എളിമയുള്ള മുഖവുമായി കളിക്കളത്തിലേക്കിറങ്ങുമ്പോൾ അദ്ദേഹത്തിന് വിരോധികളെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും പ്രയാസമുള്ള കാര്യം.

ഓസിൽ ക്രിസ്റ്റ്യാനോ കൂട്ടുകെട്ട് എന്തുകൊണ്ട് മികച്ചതായി എന്നറിയേണ്ടവർ അവരുടെ കാലഘട്ടത്തിലെ കളിയുടെ ഹൈലൈറ്റ്സ് മാത്രം കണ്ടാൽ മതിയാവും. ഫുട്‌ബോളിലെ കൂട്ടുകെട്ടിനു പുറമെ വിശാലമായ ഒരു ബന്ധത്തെ കാത്തുസൂക്ഷിച്ചവർ ആയിരുന്നു ഓസിലും റൊണാൾഡോയും. അവർ തമ്മിലുള്ള കെമിസ്‌ട്രി എതിർടീം ഡിഫൻസിനെ പോലും പേടിപ്പിക്കുന്ന കാലഘട്ടമായിരുന്നു അത്. ചുരുക്കി പറഞ്ഞാൽ 2010 മുതൽ 2013 വരെയുള്ള റയൽമാഡ്രിഡിന്റെ സുവർണ്ണനിമിഷങ്ങൾ.

ഒരിക്കൽ ഒരു ഇന്റർവ്യൂവർ ഓസിലിനോട് ചോദിക്കുകയുണ്ടായി എന്തു കൊണ്ട് താങ്കൾ മിക്ക പാസ്സുകളും ക്രിസ്റ്റ്യാനോക്ക് തന്നെ നൽകുന്നു എന്ന്, അതിനു ഓസിൽ പറഞ്ഞ മറുപടി ഇങ്ങനെയാണ്. ടീമിലെ എല്ലാ കളിക്കാരും മികച്ചതാണ്. എന്നാൽ കേവലം രണ്ടോ മൂന്നോ പാസ്സ് നൽകിയാൽ പോലും അതിൽ ഭൂരിഭാഗവും ഗോളാക്കി മാറ്റാൻ കഴിയുന്നവനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പിന്നെ ഞാനെന്തിന് മറിച്ചു ചിന്തിക്കണം എന്നായിരുന്നു ഒസിലിന്റെ ചോദ്യം. തന്റെ അസിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടെങ്കിൽ അതിനു കാരണം ഈ പറയുന്ന റൊണാൾഡോ തന്നെയാണ്. അതിനാൽ തന്നെ ഞങ്ങളുടെ ഈ കൂട്ടുകെട്ട് തുടർന്ന് കൊണ്ടേയിരിക്കും എന്നും ഒസിൽ കൂട്ടിച്ചേർത്തു.

എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി ഒസിലിന് മാഡ്രിഡിന്റെ പടിയിറങ്ങേണ്ടി വന്നു. ആർപ്പു വിളിച്ചിരുന്ന ആയിരങ്ങൾ കണ്ണീരോടെ ആ വാർത്ത കേൾക്കുകയുണ്ടായി. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോലും എതിർത്ത ആ ട്രാൻസ്ഫർ ഏവരെയും ഞെട്ടിച്ച ഒന്നായി മാറി. റൊണാൾഡോയുടെ നിഴൽ പോലെ കൂടെയുണ്ടായിരുന്ന ഓസിൽ പെട്ടെന്ന് പടിയിറങ്ങിയപ്പോൾ അദ്ദേഹത്തിന് അത് പറയാതിരിക്കാൻ കഴിഞ്ഞില്ല. കാരണം അത്ര മേൽ പ്രശസ്തമായിരുന്നു ഓസിൽ റൊണാൾഡോ യുഗം.

നമ്മളുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന മികച്ച സുഹൃത്തിനെ പോലെ തന്നെ ടീമിൽ സംഘർഷമുണ്ടാകുമ്പോഴും സന്തോഷമുണ്ടാകുമ്പോഴും റൊണാൾഡോക്ക് കൂട്ടായി ഓസിൽ ഉണ്ടായിരുന്നു. ഗാരേത് ബെയ്‌ലിനെ റയൽ മാഡ്രിഡ്, സാന്റിയാഗോ ബെർണാബു സ്റ്റേഡിയത്തിൽ അവതരിപ്പിക്കുന്ന വേളയിൽ ആരാധകർ ഒരേ സ്വരത്തിൽ ഒസിലിന്റെ പേര് ഉച്ചത്തിൽ വിളിക്കുകയുണ്ടായി. എന്നാൽ കൈവിട്ടുപോയ പ്ലെമേക്കറെ ഓർത്ത് സഹതപിക്കനല്ലാതെ മറ്റൊന്നും ചെയ്യാൻ റയൽമാഡ്രിഡിന് അന്ന് സാധിച്ചില്ല.

റയലിൽ നിന്നു പോയ ശേഷം ആഴ്സണലിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓസിൽ ഒടുവിൽ തന്റേതല്ലാത്ത കാരണങ്ങളാൽ അവിടെ നിന്നും പുറത്താക്കപ്പെടുകയുണ്ടായി. ജർമൻ ടീമിലും വ്യക്തിപരമായി തന്നാലാവുന്ന എല്ലാ സുവർണനിമിഷങ്ങളും നൽകിയിട്ടും ഒടുവിൽ വംശീയമായി അധിക്ഷേപം നേരിനായിരുന്നു ഓസിലിന്റെ വിധി. വേദനയോടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഓസിലിന്റെ മുഖം ഇന്നും ഫുട്‌ബോൾ പ്രേമികൾക്ക് മറക്കാൻ സാധിക്കില്ല. കാലമെത്ര കഴിഞ്ഞാലും ഇന്നും എളിമ നിറഞ്ഞ ആ മികച്ച കളിക്കാരന്റെ മുഖം ഫുട്‌ബോൾ പ്രേമികളുടെ ഹൃദയത്തെ വേട്ടയാടിക്കൊണ്ടിരിക്കും. അതു പോലെ തന്നെ മാഡ്രിഡിന്റെ ആ മാസ്മരികകോംബോയും മായാതെ തന്നെ കിടക്കും.

Rate this post