എൽ ക്ലാസികോ: റയലിനോടു പഴയ കണക്കു തീർക്കാൻ ബാഴ്സലോണ താരം

ലോക ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായ എൽ ക്ലാസികോയിൽ കളിക്കുകയെന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമായിരിക്കും. പതിനേഴാമത്തെ വയസിൽ തന്നെ എൽ ക്ലാസികോയിൽ കളിക്കാനൊരുങ്ങുന്ന സ്പാനിഷ് താരം പെഡ്രി മത്സരത്തിലെ വിജയത്തിനു പുറമേ ലക്ഷ്യമിടുന്നത് തന്നെ ഒഴിവാക്കിയ റയൽ മാഡ്രിഡിനോടുള്ള കണക്കു തീർക്കൽ കൂടിയാണ്.

സീസണിന്റെ തുടക്കത്തിൽ ലാസ് പാൽമാസിൽ നിന്നും ബാഴ്സലോണയിലേക്കു ചേക്കേറിയ പെഡ്രി കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സക്കു വേണ്ടി തന്റെ ആദ്യത്തെ ഗോൾ നേടിയിരുന്നു. ബാഴ്സലോണയുടെ ഭാവി വാഗ്ദാനമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന താരം രണ്ടു വർഷങ്ങൾക്കു മുൻപ് റയൽ മാഡ്രിഡിൽ ട്രയൽസിനെത്തിയെങ്കിലും താരത്തെ വേണ്ടെന്ന് ലോസ് ബ്ലാങ്കോസ് തീരുമാനിക്കുകയായിരുന്നു.

റയൽ മാഡ്രിഡിൽ താൻ ട്രയൽസിനെത്തിയതിനെ കുറിച്ച് വർഷത്തിന്റെ തുടക്കത്തിൽ പെഡ്രി പറഞ്ഞത് ഇങ്ങിനെയായിരുന്നു. “ഞാൻ റയലിൽ ട്രയൽസിനു പോയിരുന്നു. ഒരാഴ്ചയോളം അവിടെ നിന്നതിനു ശേഷം അവർ കൂടുതൽ അധ്വാനിക്കണം എന്നാണ് എന്നോടു പറഞ്ഞത്. ഞാനവർ ആഗഹിക്കുന്ന തരത്തിലുള്ള താരമായിരുന്നില്ല.”

റയലിന്റെ ആ തീരുമാനത്തിന് നന്ദി പറയുകയാണ് ബാഴ്സലോണ ആരാധകർ. അത്രയും മികച്ച പ്രകടനം ടീമിനു വേണ്ടി കാഴ്ച വെക്കാൻ പെഡ്രിക്കു കഴിയുന്നുണ്ട്. മുൻ ബാഴ്സലോണ താരമായ മൈക്കൽ ലാഡ്രപ്പിന്റെ ശൈലിക്കു സമാനമായി തന്റെ മകന്റെ കേളീശൈലിയെ വികസിപ്പിച്ചെടുത്ത പെഡ്രിയുടെ അച്ഛനും താരത്തിന്റെ മികവിനു പിന്നിലുണ്ട്. ഇനിയേസ്റ്റയെ പോലൊരു കളിക്കാരനാവുകയാണ് താരത്തിന്റെ ലക്ഷ്യം.

Rate this post