ചെമ്പടക്ക് വേണ്ടി കുതിപ്പ് തുടർന്ന് മുഹമ്മദ്‌ സലാഹ് ; റെക്കോർഡുകൾ മറികടന്ന് ഈജിപ്ഷ്യൻ സ്ട്രൈക്കർ

ഇംഗ്ലീഷ് ഫുട്ബോളിൽ 129 വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബാണ് ലിവർപൂൾ. ‘ദി റെഡ്സ്’ എന്ന് അറിയപ്പെടുന്ന ലിവർപൂളിന്റെ നിലവിലെ മുൻനിരപ്പോരാളിയാണ് ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ്‌ സലാഹ്. 2017-ൽ ലിവർപൂളിനൊപ്പം ചേർന്ന 11-ാം നമ്പറുകാരൻ, 30 വർഷത്തിന് ശേഷം ലിവർപൂളിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചുകൊണ്ടാണ് ചെമ്പടയുടെ വീരപുത്രനായി മാറിയത്. ലിവർപൂൾ ജേഴ്സിയിൽ തുടർച്ചയായ അഞ്ചാം സീസൺ കളിക്കുന്ന സലാഹ്, 226 മത്സരങ്ങളിൽ നിന്ന് 147 ഗോളുകൾ നേടിക്കൊണ്ട് ലിവർപൂളിന്റെ എക്കാലത്തെയും ഗോൾ വേട്ടക്കാരുടെ പട്ടികയിൽ പത്താമനാണ്.

കഴിഞ്ഞ സീസണുകളിലെല്ലാം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ലിവർപൂൾ സ്ട്രൈക്കർ, 2021-22 സീസണിലും തന്റെ മികച്ച ഫോം തുടരുകയാണ്.ഇന്നലെ പ്രീമിയർ ലീഗിൽ ന്യൂ കാസിലിനെതിരെ നേടിയ ഗോളോടെ സലാക്ക് തുടർച്ചയായ പതിനഞ്ചാം പ്രീമിയർ ലീഗ് മത്സരത്തിലും നേരിട്ട് ഗോളിനു സംഭാവന ചെയ്‌തുവെന്ന,ലെസ്റ്റർ താരം വാർഡിക്ക് മാത്രം സ്വന്തമായിരുന്ന റെക്കോർഡും നേടാനായി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടത്തിലെ മിലാനെതിരെ നേടിയ ഗോളോടെ, 1981-82 സീസൺ മുതൽ 1986-87 വരെയുള്ള സീസണിനിടയിൽ ലിവർപൂളിന് വേണ്ടി തുടർച്ചയായി അഞ്ച് സീസണുകളിൽ 20+ ഗോളുകൾ നേടിയ ഇയാൻ റഷിന് ശേഷം, ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനായി മുഹമ്മദ്‌ സലാഹ്.

2021-22 സീസണിലും സലാഹ് തന്റെ ഗോളടി മികവ് തുടർന്നപ്പോൾ, നിരവധി റെക്കോർഡുകൾ അദ്ദേഹം ഇതിനകം തന്നെ തകർത്തു. ഈ സീസണിൽ ഇതുവരെ 23 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ സലാഹ് നേടിയിട്ടുണ്ട്. ഈ സീസണിൽ പ്രീമിയർ ലീഗിൽ 15 ഗോളുകൾ നേടിയ സലാഹ്, സീസണിലെ പ്രീമിയർ ലീഗ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ നിലവിൽ ഒന്നാമനാണ്. ഇതിന് പുറമെ സീസണിൽ 9 അസിസ്റ്റുകൾ നടത്തിയ സലാഹ്, ഈ സീസണിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ അടിച്ച 24 ഗോളുകളിൽ പങ്കുചേർന്നു.

എല്ലാ മത്സരങ്ങളിലുമായി 31 ഗോളുകളിൽ സലാഹ് ഉൾപ്പെട്ടിട്ടുണ്ട്, ഇത് മറ്റേതൊരു പ്രീമിയർ ലീഗ് കളിക്കാരന്റെ നേട്ടത്തേക്കാളും ഇരട്ടിയിലധികമാണ്. സീസണിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ നേടിയതും സലാഹ് ആണ് (59). കൂടാതെ, 2021-22 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടം അവസാനിച്ചപ്പോൾ, ഏഴ് ഗോളുകൾ നേടിയ സലാഹ്, ഒരു ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ ഏഴ് ഗോളുകൾ നേടുന്ന ആദ്യ ലിവർപൂൾ താരമായി മാറി. റെഡ്സിനായി കുതിപ്പ് തുടരുന്ന സലാഹ്, നേട്ടങ്ങളുടെ ഒരു നീണ്ട പട്ടിക സൃഷ്ട്ടിക്കും എന്ന് ഉറപ്പാണ്.

Rate this post