പിന്നിൽ നിന്നും തിരിച്ചു വന്നു വിജയവുമായി റയൽ മാഡ്രിഡ് , രണ്ടാം മത്സരത്തിലും വിജയം നേടി ബയേൺ മ്യൂണിക്ക്
ലാ ലിഗയിലെ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് അൽമേരിയയെ 2-1 ന് പരാജയപ്പെടുത്തി.പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചിൽ തന്നെ തകർപ്പൻ ഫ്രീകിക്കിലൂടെ ഡേവിഡ് അലാബ നേടിയ ഗോളിലായിരുന്നു റയലിന്റെ ജയം.
മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ അൽമേരിയ മുന്നിൽ എത്തിയിരുന്നു. റമസാനിയുടെ സ്ട്രൈക്ക് ആണ് റയലിനെ ഞെട്ടിച്ചത്. 2008 ന് ശേഷം ആദ്യമായി ഈ സീസണിലെ ആദ്യ ലീഗ് മത്സരത്തിൽ മാഡ്രിഡ് പരാജയം ഏറ്റുവാങ്ങിയേക്കുമെന്ന് ഒരു ഘട്ടത്തിൽ തോന്നിയെങ്കിലും റയൽ തിരിച്ചു വന്നു .ഈ ഗോളിന് മറുപടി നൽകാൻ റയലിന് രണ്ടാം പകുതി വരെ ശ്രമിക്കേണ്ടി വന്നു. 61ആം മിനുട്ടിൽ വിനീഷ്യസ് നടത്തിയ ഒരു മുന്നേറ്റം ഗോൾ കീപ്പർ തടഞ്ഞു എങ്കിലും ഡിഫൻസിന് ആ പന്ത് ക്ലിയർ ചെയ്യാൻ ആയില്ല. ബോക്സിൽ എത്തിയ വാസ്കസ് പന്ത് വലയിൽ എത്തിച്ച് ടീമിന് സമനില നൽകി. 75ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ അലാബ ഫ്രീകിക്കിലൂടെ ഗോൾ കണ്ടെത്തി റയലിന്റെ വിജയം ഉറപ്പിച്ചു.
ബുണ്ടസ് ലീഗയിൽ രണ്ടാം മത്സരത്തിലും ജയം നേടി ബയേൺ മ്യൂണിക്ക് .വോൾവ്സ്ബർഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബയേൺ പരാജയപ്പെടുത്തിയത്.33 മത്തെ മിനിറ്റിൽ മുളളരുടെ പാസിൽ നിന്നും യുവ താരം ജമാൽ മുസിയാലയാണ് ബയേണിന്റെ ആദ്യ ഗോൾ നേടിയത്.പത്ത് മിനിറ്റുകൾക്ക് ശേഷം ബയേണിന്റെ രണ്ടാം ഗോളും പിറന്നു. ഇത്തവണ ജോഷുവ കിമ്മിഷിന്റെ പാസിൽ നിന്നു തോമസ് മുള്ളർ ആണ് ബയേണിന്റെ ഗോൾ നേടിയത്.
ALABA FREE KICK GOLAZO WITH HIS FIRST TOUCH OF THE MATCH 🤯 pic.twitter.com/Bto4ZoMMsb
— ESPN FC (@ESPNFC) August 14, 2022
1999ന് ശേഷം പ്രീമിയർ ലീഗിലെ ആദ്യ വിജയവുമായി നോട്ടിങ്ങാം ഫോറസ്റ്റ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ഫോറസ്റ്റ് ഏകപക്ഷീയമായ ഒരു ഗോളിനാണ് കരുത്തരായ വെസ്റ്റ് ഹാമിനെ വീഴ്ത്തിയത്.ഫസ്റ്റ് ഹാഫിന്റെ ഇഞ്ചുറി ടൈമിൽ അവോനിയിയാണ് നോട്ടിങ്ങാമിന്റെ വിജയത്തിന് വഴിവെച്ച ഗോൾ നേടിയത്. പ്രീമിയർ ലീഗിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ നോട്ടിങ്ങാം ഫോറസ്റ്റ് ന്യൂകാസിലിനോട് പരാജയപ്പെട്ടിരുന്നു.