സീസണിൽ ഒരു ലീഗ് ഗോൾ പോലും നേടാത്ത റിച്ചാർലിസൺ റയൽ മാഡ്രിഡിന്റെ റഡാറിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ എവർട്ടണു വേണ്ടി കളിച്ചിരുന്നപ്പോൾ മികച്ച പ്രകടനമാണ് റിച്ചാർലിസൺ നടത്തിയിരുന്നത്. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ സമ്മറിൽ ബ്രസീലിയൻ താരത്തെ ടോട്ടനം ടീമിലെത്തിച്ചതും. എന്നാൽ ടോട്ടനത്തിൽ എത്തിയതിനു ശേഷം നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ താരത്തിന് അവസരങ്ങൾ കുറഞ്ഞ് കൂടുതലും പകരക്കാരുടെ സ്ഥാനമാണ് ലഭിക്കുന്നത്.

ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ പോലും ടീമിനായി ഗോൾ നേടാൻ റിച്ചാർലിസണിനു കഴിഞ്ഞിട്ടില്ല. പതിനെട്ടു മത്സരങ്ങൾ കളിച്ച്, എട്ടു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയാണ് ഒരു തവണ പോലും ഗോൾ നേടാൻ താരത്തിന് കഴിയാതിരുന്നത്. ടോട്ടനത്തിൽ എത്തിയതിനു ശേഷമുള്ള താരത്തിന്റെ രണ്ടു ഗോളുകൾ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ മാത്രമാണ്.

ടോട്ടനത്തിൽ മോശം ഫോമിലാണെങ്കിലും റിച്ചാർലിസണിനെ സ്വന്തമാക്കാൻ സ്‌പാനിഷ്‌ വമ്പന്മാരായ റയൽ മാഡ്രിഡ് തന്നെ ശ്രമം നടത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിലവിൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ കരിം ബെൻസിമക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ട്. റിച്ചാർലിസണിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായാണ്.

റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിക്ക് ബ്രസീലിയൻ താരവുമായി അടുത്ത ബന്ധമുണ്ട്. ആൻസലോട്ടി എവർട്ടൺ കോച്ചായിരുന്ന സമയത്ത് ടീമിനായി മികച്ച പ്രകടനമാണ് റിച്ചാർലിസൺ നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ആൻസലോട്ടി പരിശീലകനായ ടീമിലേക്ക് വരാൻ താരത്തിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വരില്ല.

കഴിഞ്ഞ ദിവസം ടോട്ടനത്തിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞതിനെതിരെ ബ്രസീലിയൻ താരം പ്രതികരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് വിടാൻ റിച്ചാർലിസണിനു താൽപര്യമുണ്ടാകും എന്നുറപ്പാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം ഒരു ഗോളിന് വഴിയൊരുക്കി ടോട്ടനത്തിന്റെ വിജയത്തിൽ പങ്കു വഹിച്ചിരുന്നു.

Rate this post