എർലിംഗ് ഹാലൻഡ് ബയേൺ മ്യൂണിക്കിലേക്ക് വരാൻ സാധ്യതയുള്ളത് കൊണ്ടായിരുന്നോ ലെവൻഡോവ്‌സ്‌കി ക്ലബ് വിട്ടത്? |Robert Lewandowski
റോബർട്ട് ലെവൻഡോവ്‌സ്‌കി ട്രാൻസ്ഫർ സാഗ ഈ സമ്മറിൽ ലോക ഫുട്‌ബോളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു. ബയേൺ മ്യൂണിക്കും ബാഴ്‌സലോണയും തമ്മിലുള്ള നിരവധി റൗണ്ട് ‘പോക്കർ ഗെയിമിന്’ ശേഷം പോളിഷ് ഫോർവേഡ് 50 ദശലക്ഷം യൂറോയ്ക്ക് സ്പെയിനിലേക്ക് ട്രാൻസ്ഫർ ഉറപ്പാക്കാൻ കഴിഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും മികച്ച ദിനങ്ങൾ ആസ്വദിച്ച ക്ലബ്ബായ ബയേണിൽ തുടരാൻ കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ ലെവൻഡോവ്സ്‌കി ആഗ്രഹിച്ചിരുന്നു. എന്നാൽ ക്ലബ്ബുമായുള്ള കരാർ ചർച്ചകൾ പ്രതീക്ഷിച്ചത് പോലെ പലപ്രദമായിരുന്നില്ല. ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫർ യാഥാർഥ്യമായപ്പോൾ ലെവൻഡോസ്‌കി തുറന്നു പറയുകയാണ്.
ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് എർലിംഗ് ഹാലൻഡിനെ സൈൻ ചെയ്യാനുള്ള ബയേണിന്റെ ശ്രമമാണ് ലെവൻഡോവ്‌സ്‌കി ക്ലബ് വിടാനുള്ള തീരുമാനത്തിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്നെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഒടുവിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ ഹാലൻഡ് തീരുമാനിച്ചെങ്കിലും മ്യൂണിക്കിലേക്ക് മാറുന്നത് സംബന്ധിച്ച് ബയേൺ സ്‌പോർടിംഗ് ഡയറക്ടർ ഹസൻ സാലിഹാമിഡ്‌സിക് അദ്ദേഹത്തെ സമീപിച്ചതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. ഇതുകൊണ്ടാണ് പോളിഷ് താരം ക്ലബ് വിടാൻ ഒരുങ്ങിയതെന്ന കിംവദന്തികൾ ഉയർന്നു വന്നിരുന്നു.
Robert Lewandowski: "No, my departure had nothing to do with Erling (Haaland). I am a guy who even if something's not good for me – truth is more important. I don't want to speak about what happened exactly." [@ESPNFC] pic.twitter.com/dSw87PPEKp
— Bayern & Germany (@iMiaSanMia) July 29, 2022
എന്നാൽ ഇപ്പോൾ ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ് 33 കാരനായ സ്‌ട്രൈക്കർ.”ഇല്ല, എന്റെ ട്രാൻസ്ഫറിന് എർലിംഗുമായി യാതൊരു ബന്ധവുമില്ല.എനിക്ക് എന്തെങ്കിലും നല്ലതല്ലെങ്കിൽ പോലും സത്യം കൂടുതൽ പ്രധാനമാണ്.കൃത്യമായി എന്താണ് സംഭവിച്ചതെന്ന് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ”ലെവൻഡോവ്സ്കി ഇഎസ്പിഎൻ എഫ്സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“പക്ഷേ, ഹാലാൻഡ് കാരണം ക്ലബ് മാറാനുള്ള തീരുമാനമുണ്ടോ എന്നതാണ് ചോദ്യമെങ്കിൽ, ഇല്ല, അദ്ദേഹം ബയേൺ മ്യൂണിക്കിൽ ചേർന്നാൽ ഞാൻ ഒരു പ്രശ്‌നവും കണ്ടില്ല. എന്നാൽ ചില ആളുകൾ എന്നോട് സത്യം പറയുന്നില്ല, അവർ പറയുന്നത് മറ്റൊന്നാണ്” ലെവെൻഡോസ്‌കി പറഞ്ഞു.കരാർ ചർച്ചകൾക്കിടയിൽ ബയേൺ മാനേജ്‌മെന്റ് പല അവസരങ്ങളിലും ‘രാഷ്ട്രീയം’ കളിക്കുകയാണെന്ന് 2 തവണ ഫിഫ ദി ബെസ്റ്റ് ജേതാവ് കുറ്റപ്പെടുത്തിയിരുന്നു.