മെസ്സിക്കും റൊണാൾഡോക്കും പിന്നിൽ !! യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമായി റോബർട്ട് ലെവൻഡോവ്‌സ്‌കി |Robert Lewandowski

യൂറോപ്യൻ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി.യുവേഫ ചാമ്പ്യൻസ് ലീഗ് 2023-24 സീസണിലെ ഒന്നാം മത്സര ദിനത്തിൽ റോയൽ ആന്റ്വേർപ്പിനെതിരെ നേടിയ ഗോളോടെയാണ് ലെവൻഡോവ്‌സ്‌കി ഈ നേട്ടം കൈവരിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്കൊപ്പം ഈ റെക്കോർഡ് നേടുന്ന മൂന്നാമത്തെ താരമായി ലെവൻഡോസ്‌കി.ലെക് പോസ്‌നാൻ (16 ഗെയിമുകളിൽ 6 ഗോൾ ), ബൊറൂസിയ ഡോർട്ട്മുണ്ട് (36 ഗെയിമുകളിൽ 18), ബയേൺ മ്യൂണിക്ക് (79 ഗെയിമുകളിൽ 69), ഇപ്പോൾ ബാഴ്‌സലോണ (8 കളികളിൽ 7) എന്നിവയ്‌ക്കായി കളിച്ച് യൂറോപ്പിലെ തന്റെ 139-ാം മത്സരത്തിലാണ് ലെവൻഡോസ്‌കി ഈ നേട്ടത്തിലെത്തിയത്.യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ യൂറോപ്പ ലീഗിൽ (മുൻ യുവേഫ കപ്പ്) എട്ട് ഗോളുകൾ സ്കോർ ചെയ്തതിന് പുറമെ 92 ചാമ്പ്യൻസ് ലീഗ് ഗോളുകളും ലെവൻഡോവ്സ്‌കിക്ക് ഉണ്ട്.

മെസ്സി (132), റൊണാൾഡോ (145) എന്നിവർക്ക് പിന്നിൽ യൂറോപ്യൻ മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ് ലെവൻഡോവ്സ്കി ഇപ്പോൾ.ഇന്നലെ നേടിയ ഗോളോടെ ലെവൻഡോവ്‌സ്‌കി തന്റെ ക്ലബ് കരിയർ ഗോളുകളുടെ എണ്ണം 577 ആയി ഉയർത്തി. ബാഴ്‌സലോണയ്‌ക്കായി 52 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ബയേണിന് വേണ്ടി 375 മത്സരങ്ങളിൽ നിന്ന് 344 ഗോളുകൾ നേടിയിട്ടുണ്ട്.

ഡോർട്ട്മുണ്ടിനായി 103, പോസ്‌നന് വേണ്ടി 41, സിനിക്‌സ് പ്രഷ്‌കോയ്‌ക്ക് വേണ്ടി 38, മറ്റിടങ്ങളിൽ 8 എന്നിങ്ങനെയും അദ്ദേഹം സ്‌കോർ ചെയ്തു.ജോവോ ഫെലിക്‌സ് ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയപ്പോൾ ബാഴ്‌സലോണ അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോയൽ ആന്റ്‌വെർപ്പിനെതിരെ 5-0 ന് അനായാസ ജയം നേടി.