നിലവിലെ ഫിഫ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീനയാണ് കോപ്പ അമേരിക്കയുടെ അവസാന ടൂർണമെന്റിലും ജേതാക്കൾ ആയത്. 2024 പുതിയൊരു കോപ്പ അമേരിക്ക ടൂർണമെന്റ് കൂടി എത്തുമ്പോൾ നിലവിലെ തങ്ങളുടെ കിരീടം നിലനിർത്താൻ ആണ് ലിയോ മെസ്സിയും സംഘവും ആഗ്രഹിക്കുന്നത്. എന്നാൽ 2024 നടക്കാൻ പോകുന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റ് മത്സരാധിഷ്ഠിതമായ ടൂർണമെന്റായി അരങ്ങേറും.
അത്ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റീന താരമായ റോഡ്രിഗോ ഡി പോൾ അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റിനെ കുറിച്ച് സംസാരിച്ചു. എക്കാലത്തെയും ബുദ്ധിമുട്ടേറിയ കോപ്പ അമേരിക്ക ടൂർണമെന്റ് ആയിരിക്കും അരങ്ങേറുന്നത് എന്നും ബ്രസീൽ, ഉറുഗ്വായി തുടങ്ങിയ വമ്പൻ ടീമുകളുള്ളതിനാൽ കടുപ്പമേറിയ മത്സരങ്ങളാണ് ടൂർണമെന്റിൽ പ്രതീക്ഷിക്കുന്നത് എന്നും ഡി പോൾ പറഞ്ഞു.
“ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ള ഒരു കോപ്പ അമേരിക്ക ടൂർണമെന്റ് ആയി ഇത് മാറുമെന്നാണ് ഞാൻ കരുതുന്നത്. ഇത്തവണ മികച്ച തലത്തിൽ കളിക്കുന്ന ടീമുകളുള്ളതിനാൽ ടൂർണമെന്റ് അല്പം ബുദ്ധിമുട്ടേറിയതാരിക്കും. ബ്രസീൽ, ഉറുഗ്വായ്, ഇക്വഡോർ തുടങ്ങിയവർ ഏറ്റവും മികച്ച ടീമുകൾ ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കൂടാതെ ഇത്തവണ അമേരിക്കയും മെക്സിക്കോയും ടൂർണമെന്റിൽ കളിക്കുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഞങ്ങളെ തോൽപ്പിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്, പക്ഷേ കിരീടം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ഏകകാര്യം” റോഡ്രിഗോ ഡി പോൾ പറഞ്ഞു.
2024 ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ് അമേരിക്കയിൽ വെച്ച് നടക്കുന്നത്. ഇത്തവണ അമേരിക്ക, മെക്സിക്കോ തുടങ്ങിയ ടീമുകൾ കൂടി ടൂർണമെന്റിൽ ജോയിൻ ചെയ്യുന്നതിനാൽ 16 ടീമുകളുടെ പോരാട്ടം ആയിരിക്കും നടക്കുക. 2024 കോപ്പ അമേരിക്ക ടൂർണമെന്റിനുശേഷം 2026 ഫിഫ വേൾഡ് കപ്പ് കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് അമേരിക്കയും മെക്സികോയും കാനഡയും. സൂപ്പർ താരമായ ലിയോ മെസ്സിയുടെ അവസാനത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് ആയി ഇത് മാറുമെന്നാണ് കരുതുന്നത്..