പ്രീമിയർ ലീഗിൽ നിലവിലുള്ള മികച്ച പ്രതിരോധതാരങ്ങൾ വിർജിൽ വാൻ ഡൈക്കും ലിസാൻഡ്രോ മാർട്ടിനസുമാണ്, വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യൻ റൊമേരോ
അയാക്‌സിൽ നിന്നും അർജന്റീനിയൻ പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. പ്രീമിയർ ലീഗ് പോലെ കായികപരമായി മുന്നിൽ നിൽക്കുന്ന ലീഗിൽ ലിസാൻഡ്രോ മാർട്ടിനസിനെപ്പോലെ ഉയരക്കുറവുള്ള ഒരു പ്രതിരോധതാരത്തിനു തിളങ്ങാൻ കഴിയില്ലെന്ന വാദം പലരും ഉയർത്തുകയുണ്ടായി. അൻപതു മില്യണിലധികം പൗണ്ട് താരത്തിനായി നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം ഒരു അബദ്ധമാകുമെന്നും പലരും വിലയിരുത്തി.
എന്നാൽ എല്ലാ വിമർശനങ്ങളെയും കാറ്റിൽ പറത്തുന്ന പ്രകടനമാണ് സീസൺ ആരംഭിച്ചതിനു ശേഷം ഇതുവരെ ലിസാൻഡ്രോ മാർട്ടിനസ് നടത്തിയിട്ടുള്ളത്. നായകനായിരുന്ന ഹാരി മാഗ്വയറെ പകരക്കാരനാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ താരമിപ്പോൾ ക്ലബിന്റെ ആരാധകരുടെ ഇഷ്ടപ്പെട്ട കളിക്കാരനാണ്. താരം നടത്തുന്ന മികച്ച പ്രകടനവും കളിക്കളത്തിലെ ആത്മാർത്ഥതയും കൊണ്ട് ലിസാൻഡ്രോ മാർട്ടിനസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പലരും തിരുത്തുകയും ചെയ്‌തു.
അതേസമയം നിലവിലുള്ള പ്രതിരോധതാരങ്ങളിൽ ഏറ്റവും മികച്ചവരിൽ ലിസാൻഡ്രോ മാർട്ടിനസുമുണ്ടെന്നാണ് അർജന്റീനിയൻ സഹതാരവും ടോട്ടനം ഹോസ്‌പർ താരവുമായ ക്രിസ്റ്റ്യൻ റൊമേരോ പറയുന്നത്. “ഇപ്പോൾ ഏറ്റവും മികച്ച പ്രതിരോധതാരം വാൻ ഡൈക്കാണ്. അതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ലിസാൻഡ്രോ മാർട്ടിനസും. എന്നെ സംബന്ധിച്ച് അവരാണ് പ്രീമിയർ ലീഗിലെ മികച്ച പ്രതിരോധതാരങ്ങൾ.” സ്കൈ സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ ക്രിസ്റ്റ്യൻ റൊമേരോ പറഞ്ഞു.
Tottenham's Cristian Romero names Lisandro Martinez and Virgil van Dijk the BEST defenders in the Premier League.
— UtdFaithfuls (@UtdFaithfuls) September 17, 2022
Not surprised. He's defensively solid, press resistant, tidy in possession, and one of the best passers in the league. Man Utd signed an absolute monster. pic.twitter.com/iYWplR2eOs
റാഫേൽ വരാനെക്കൊപ്പം മികച്ചൊരു പ്രതിരോധസഖ്യം ഉണ്ടാക്കിയ ലിസാൻഡ്രോ മാർട്ടിനസ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷകൾ നൽകുന്നു. കഴിഞ്ഞ സീസണിൽ ടോപ് ഫോറിലെത്താൻ കഴിയാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ കൂടുതൽ മെച്ചപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അവരുടെ പ്രകടനം വ്യക്തമാക്കുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ലിസാൻഡ്രോ മാർട്ടിനസ് നടത്തുന്ന പ്രകടനം അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകളെയും സജീവമാക്കുന്നുണ്ട്. നിലവിൽ നിക്കോളാസ് ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേരോ എന്നിവരെയാണ് അർജന്റീനിയൻ പരിശീലകൻ ലയണൽ സ്‌കലോണി ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നതെങ്കിലും ലിസാൻഡ്രോ മാർട്ടിനസിന്റെ ആത്മവിശ്വാസവും ടീമിനെ നയിക്കാനുള്ള കഴിവും താരത്തെ ആദ്യ ഇലവനിൽ പരിഗണിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.