അർജൻറീന ടീമിലേക്കു തിരിച്ചെത്താൻ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീനിയൻ ഗോൾകീപ്പറായ സെർജിയോ റൊമേരോ ക്ലബ് വിടാനൊരുങ്ങുന്നു. ഇംഗ്ലീഷ് മാധ്യമമായ ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് ക്ലബായ വലൻസിയയാണ് താരത്തിനായി രംഗത്തുള്ളത്. ഡീൻ ഹെൻഡേഴ്സൻ ടീമിലെത്തിയതോടെ മൂന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനത്തേക്കു പോകേണ്ടി വരുമെന്നതാണ് റൊമേരോ ടീം വിടാൻ തീരുമാനിക്കാനുള്ള പ്രധാന കാരണം.

2015ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം 61 മത്സരങ്ങളിൽ മാത്രമാണ് റൊമേരോ ടീമിനു വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്. നിരവധി ടീമുകളുടെ ഒന്നാം നമ്പർ കീപ്പറാകാനുള്ള കഴിവുണ്ടായിരുന്നിട്ടും താരം യുണൈറ്റഡിൽ തുടർന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു. അവസരം കിട്ടിയപ്പോഴെല്ലാം തകർപ്പൻ പ്രകടനവും റൊമേരോ പുറത്തെടുത്തു.

രണ്ടാം നമ്പർ ഗോൾകീപ്പറായതോടെ ദേശീയ ടീമിലേക്കു തിരിച്ചെത്താൻ റൊമേരോക്ക് ഉണ്ടായിരുന്ന സാധ്യതകളും മങ്ങിയിരുന്നു. നിലവിൽ ദേശീയ ടീമിൽ താരത്തിന് ഇടം ലഭിക്കാറില്ല. അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാനിരിക്കെ മികച്ച പ്രകടനം നടത്തിയാൽ ദേശീയ ടീമിലേക്കു തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയും താരത്തിനുണ്ട്.

മുപ്പത്തിമൂന്നുകാരനായ താരത്തിനു വേണ്ടി ആറു മില്യൺ യൂറോയാണ് വലൻസിയ വാഗ്ദാനം ചെയ്തിരിക്കുന്നത്. വലൻസിയക്കു പുറമെ ഇറ്റാലിയൻ ക്ലബ് എസി മിലാനും അർജൻറീനിയൻ താരത്തിനു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Rate this post