പ്രതീക്ഷകളവസാനിച്ച് റൊമേരോ, അവസാന ട്രാൻസ്ഫർ നീക്കവും പരാജയപ്പെട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർമാരിൽ നാലാം സ്ഥാനത്തേക്കു വീണതോടെ ക്ലബ് വിടാമെന്ന റൊമേരോയുടെ പ്രതീക്ഷകൾ താൽക്കാലികമായി അവസാനിച്ചു. അമേരിക്കൻ ലീഗിൽ കളിക്കുന്ന ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇൻറർ മിയാമിയിലേക്ക് ചേക്കേറാമെന്ന അർജൻറീനിയൻ താരത്തിന്റെ പ്രതീക്ഷകളാണ് എംഎൽഎസ് ട്രാൻസ്ഫർ ജാലകം അവസാനിച്ചതോടെ തകർന്നത്‌.

അമേരിക്കൻ ലീഗിലേക്കു ചേക്കേറാനുള്ള പ്രതീക്ഷകൾ അവസാനിച്ചതോടെ ജനുവരി വരെയോ അല്ലെങ്കിൽ കരാർ അവസാനിക്കുന്ന ജൂൺ വരെയോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ റൊമേരോ നിർബന്ധിതനാകും. എന്നാൽ ക്ലബിന്റെ നാലാം നമ്പർ ഗോൾകീപ്പറായി താഴ്ത്തപ്പെട്ടതിൽ പിന്നീട് ക്ലബിൽ തുടരാൻ താരത്തിന് യാതൊരു താൽപര്യവുമില്ല.

യുണൈറ്റഡ് തന്നെ കൈകാര്യം ചെയ്ത രീതിയിൽ താരം വളരെയധികം അസ്വസ്ഥനാണ്. ക്ലബിനു വേണ്ടി അവസരം ലഭിച്ചപ്പോഴെല്ലാം ആത്മാർത്ഥമായ പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. പല ടൂർണമെൻറുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റത്തിനു പിന്നിൽ റൊമേരോയുടെ സാന്നിധ്യമായിരുന്നു. എന്നാൽ ഡീൻ ഹെൻഡേഴ്സൻ, ലീ ഗ്രാൻഡ് എന്നിവരുടെ സാന്നിധ്യമാണ് താരത്തിനു തിരിച്ചടിയായി.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എവർട്ടൺ താരത്തിനായി ശ്രമം നടത്തിയിരുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ ഫീസിൽ ബലം പിടിച്ചതു മൂലം അതും നടന്നില്ല. ഇതേത്തുടർന്ന് ക്ലബിനെതിരെ റൊമേരോയുടെ ഭാര്യ വിമർശനവുമായി രംഗത്തു വന്നിരുന്നു.

Rate this post