ഒരൊറ്റ മത്സരം, ഹാട്രിക് നേടിയാൽ റൊണാൾഡോ നേടാൻ പോകുന്നത് പുതിയ ചരിത്രം |Cristiano Ronaldo

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കി നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ കരീം ബെൻസെമയുടെ അൽ ഇതിഹാദിനേ പരാജയപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനോ റൊണാൾഡോയുടെയും സാദിയോ മാനെയുടെയും ഇരട്ട ഗോളുകളും ടാലിസ്കയുടെ ഗോളും ചേർത്ത് എതിർ സ്റ്റേഡിയത്തിൽ അഞ്ചു ഗോളുകളാണ് അൽ നസ്ർ അടിച്ചുകൂട്ടിയത്.

മറുപടി ഗോളുകളായി ഹംദല്ലാഹിന്റെ ഇരട്ട ഗോളുകളാണ് അൽ ഇതിഹാദ് സ്കോർ ചെയ്തത്. ഇരട്ട ഗോളുകളോടെ 2023ൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത താരമായി ക്രിസ്ത്യാനോ റൊണാൾഡോ മാറി. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, ഏർലിങ് ഹാലൻഡ്, ഹാരി കെയ്ൻ തുടങ്ങിയ താരങ്ങളെ പിന്നിലാക്കിയാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ നേട്ടം. 2023ലെ ഏറ്റവും മികച്ച ടോപ് സ്കോറർ അവാർഡ് വർഷം അവസാനിക്കാൻ മണിക്കൂറുകൾ മുന്നിൽ നിൽക്കെ റൊണാൾഡോ ആണ് സ്വന്തമാക്കുന്നത്.

എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോക്ക് മുന്നിൽ തകർക്കാൻ ഒരു റെക്കോർഡ് കൂടി ബാക്കിയുണ്ട്. സൗദി പ്രോ ലീഗിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്യുന്ന താരം എന്ന റെക്കോർഡ് ആണ് വെറും രണ്ടു ഗോളുകൾ അകലെ റൊണാൾഡോയെ കാത്തിരിക്കുന്നത്. മുൻപ് 2019ൽ അൽ ഇതിഹാദ് താരമായ അബ്ദുറസാക്ക് ഹംദല്ലാഹ് നേടിയ 35 സൗദി പ്രോ ലീഗ് ഗോളുകൾ എന്ന നേട്ടത്തിലെത്താൻ ക്രിസ്ത്യാനോ റൊണാൾഡോക്ക് ഇനി വേണ്ടത് രണ്ടു ഗോളുകളാണ്.

അൽ ടാവോനെതിരായ എവെ മത്സരം ഇന്ന് നടക്കാനിരിക്കെ മത്സരത്തിൽ ഹാട്രിക് നേടിയാൽ നിലവിൽ 33 ഗോളുകൾ സ്കോർ ചെയ്ത റൊണാൾഡോക്ക് അൽ ഇതിഹാദ് താരമായ അബ്ദുറസാക്ക് ഹംദല്ലാഹിനെ മറികടന്നുകൊണ്ട് തന്റെ പേരിൽ മാത്രമായി ഈ സൗദി പ്രൊലീഗ് റെക്കോർഡ് എഴുതുവാൻ കഴിയും. ക്രിസ്ത്യാനോ റൊണാൾഡോ രണ്ടു ഗോളുകളാണ് സ്കോർ ചെയ്യുന്നതെങ്കിൽ അൽ ഇതിഹാദ് താരത്തിനൊപ്പം റെക്കോർഡ് പങ്കിടും.

Rate this post