“മെസ്സി ബാലൻഡിയോർ വിജയിച്ചുവെന്ന വാർത്ത ശരിയല്ല, ഈ അഭ്യൂഹങ്ങൾ വ്യാജം” ഫ്രാൻസ് ഫുട്ബോൾ ചീഫ് എഡിറ്റർ

ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ-ഇൻ-ചീഫും ബാലൺ ഡി ഓർ അവാർഡിന് പ്രധാന സംഘാടകരിലെ വ്യക്തികളിൽ ഒരാളായ വിൻസെന്റ് ഗാർഷ്യ, ജർമ്മൻ പോർട്ടൽ TZ-ന് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനോ റൊണാൾഡോയെ പരിഗണിക്കാത്തതിനെക്കുറിച്ചും മെസ്സിയാണ് 2023 ബാലൻഡിയോർ വിജയി എന്നും വന്ന വാർത്തകൾക്കാണ് അദ്ദേഹം പ്രതികരിച്ചത്.

2004 ബാലൻഡിയോർ പുരസ്കാര ലിസ്റ്റിൽ ഇതുവരെയും ഉൾപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
“റൊണാൾഡോയുടെ അഭാവം കമ്മിറ്റിക്കിടയിൽ ചർച്ചാവിഷയമായിരുന്നില്ല. ലോകകപ്പിൽ അദ്ദേഹം തിളങ്ങിയില്ല, [സൗദി അറേബ്യ] പരിമിതമായ കാഴ്ചക്കാരുള്ള ഒരു ലീഗിലാണ് അദ്ദേഹം കളിക്കുന്നത്. അതുകൊണ്ട് അത് പരിഗണിച്ചിരുന്നില്ല. എന്നിട്ടും, അദ്ദേഹം മികച്ച കളിക്കാരനായി തുടരുന്നുണ്ട് എന്നതിൽ അത്ഭുതമാണ്”.

ലയണൽ മെസ്സി 2023 ബാലൻഡിയോർ ഉറപ്പിച്ചു വെന്ന് വാർത്താമാധ്യമങ്ങളിൽ വന്ന അഭ്യൂഹങ്ങൾക്ക് എതിരെയും പ്രതികരണം അറിയിച്ചു.”എപ്പോഴും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളുടെ കളിയാണ്. ബാലൺ ഡി ഓർ ജേതാവിനെ മുൻകൂട്ടി പ്രഖ്യാപിക്കാനുള്ള ആഗ്രഹം ഞങ്ങൾ മനസ്സിലാക്കുന്നു, പക്ഷേ ഒരിക്കലും ഇതുപോലെയുള്ള അഭ്യൂഹ വാർത്തകൾ വിശ്വസിക്കാൻ പാടില്ല” അദ്ദേഹം തുടർന്നു.

ഭാവിയിൽ ഇംഗ്ലീഷ് മിഡ്‌ഫീൽഡർ “ബാലൺ ഡി ഓറിനുള്ള ഗുരുതരമായ സ്ഥാനാർത്ഥി” ആണെന്ന് കണക്കിലെടുത്ത് ഗാർസിയ ബെല്ലിംഗ്ഹാമിനെ പ്രശംസിച്ചു. “അവൻ [ബെലിങ്ഹാം] ശരിക്കും ശ്രദ്ധേയനാണ്. റയൽ മാഡ്രിഡിൽ മികച്ച പ്രകടനം തുടരുകയും ഇംഗ്ലണ്ട് EURO2024-ൽ തിളങ്ങുകയും ചെയ്താൽ, അവൻ അടുത്ത ബാലൻഡിയോർ ലിസ്റ്റിലെ നിർണായക താരമാവും., അവൻ ഒരു ബഹുമുഖ പ്രതിഭയും, ബുദ്ധിശക്തിയും, പ്രായത്തിനനുസരിച്ച് വളരെ പക്വതയുള്ള ഒരു കളിക്കാരനുമാണ്,” അദ്ദേഹം പറഞ്ഞു.

ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ബാലൻഡിയോർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്. ലയണൽ മെസ്സി, ഹാലൻഡ് എന്നിവർ തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 30 മുതൽ സോണി ലൈവിൽ  തൽസമയം കാണാം.