സീസണിലെ ആദ്യഗോൾ നേടിയതിനോട് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസൺ അത്ര മികച്ച രീതിയിലല്ല തുടങ്ങിയത്. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിച്ച് അതു നടക്കാതെ വന്ന താരം ഒടുവിൽ ക്ലബിനൊപ്പം തന്നെ തുടർന്നപ്പോൾ മിക്ക മത്സരങ്ങളിലും പകരക്കാരനായിരുന്നു. അതിനു പുറമെ ഒരു മത്സരത്തിലും ഗോളോ അസിസ്റ്റോ നേടാനും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞില്ല. ആരാധകർക്കും താരത്തിനും വളരെയധികം നിരാശ സമ്മാനിച്ച ദിവസങ്ങളായിരുന്നു ഇത്.

എന്നാൽ ഇന്നലെ നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ ഈ സീസണിലെ തന്റെ ഗോൾ വരൾച്ചക്ക് അവസാനം കുറിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു. മോൾഡോവൻ ക്ലബായ ഷെരിഫിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയപ്പോൾ അതിലൊരെണ്ണം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയായിരുന്നു.മത്സരത്തിന്റെ മുപ്പത്തിയൊമ്പതാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിലെ തന്റെ ആദ്യത്തെ ഗോൾ കണ്ടെത്തിയത്. ജാഡൻ സാഞ്ചോയാണ് യുണൈറ്റഡിന്റെ മറ്റൊരു ഗോൾ നേടിയത്.

സീസണിലെ ആദ്യത്തെ ഗോളും കരിയറിലെ ആദ്യത്തെ യൂറോപ്പ ലീഗ് ഗോളും നേടിയതിനു ശേഷം തന്റെ പ്രതികരണം റൊണാൾഡോ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയുണ്ടായി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗോൾനേട്ടത്തെക്കുറിച്ചും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തെക്കുറിച്ചും പ്രതികരിച്ചത്. “ഗോൾ നേടിയതിലും ടീമിന്റെ വിജയത്തിനായി സഹായിച്ചതിലും വളരെ സന്തോഷം. പ്രധാനപ്പെട്ട മൂന്നു പോയിന്റുകൾ! എല്ലാവരും നന്നായി ചെയ്‌തു കൂട്ടുകാരേ” എന്നാണു ഇൻസ്റ്റാഗ്രാമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചത്.

യൂറോപ്പ ലീഗിൽ രണ്ടാമത്തെ മത്സരം കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യത്തെ ജയമായിരുന്നു ഇന്നലത്തേത്. ആദ്യ മത്സരത്തിൽ റൊണാൾഡോ അടക്കമുള്ള താരങ്ങൾ ഇറങ്ങിയിരുന്നെങ്കിലും റയൽ സോസിഡാഡിനെതിരെ ടീം തോൽവി വഴങ്ങുകയാണുണ്ടായത്. എന്നാൽ ആ ടീമിൽ നിന്നും മാറ്റങ്ങൾ വരുത്തി ആഴ്‌സണലിനെതിരെ കളിച്ചതിനു സമാനമായ ലൈനപ്പാണ് എറിക് ടെൻ ഹാഗ് ഇറക്കിയത്. പരിക്കേറ്റ റാഷ്‌ഫോഡിന് പകരം റൊണാൾഡോ ഇറങ്ങി എന്നതാണ് ഒരേയൊരു മാറ്റം.

മത്സരത്തിൽ സീസണിലെ ആദ്യത്തെ ഗോൾ കണ്ടെത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആത്മവിശ്വാസം ഉയർത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യ ഗോളിന്റെ ആവേശത്തിൽ റൊണാൾഡോ നടത്തിയ സിയു സെലിബ്രേഷൻ അതു വ്യക്തമാക്കുന്നു. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ ടോപ് സ്കോററായ താരത്തിന്റെ തിരിച്ചു വരവ് ആരാധകരും പ്രതീക്ഷിക്കുന്നു.

Rate this post