ഗോളടിക്കാൻ സമ്മതിക്കാതെ റഫറിയുടെ ഹാഫ്‌ടൈം വിസിൽ, രോഷം പ്രകടിപ്പിച്ച റൊണാൾഡോക്ക് മഞ്ഞക്കാർഡ്

സൗദി കിങ്‌സ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസ്ർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി സെമി ഫൈനലിലേക്ക് കടന്നിരുന്നു. അഭ ക്ലബിനെയാണ് അൽ നസ്ർ തോൽപ്പിച്ചത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മത്സരത്തിൽ ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ടീം മികച്ച പ്രകടനമാണ് നടത്തിയത്.

മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടിയില്ലെങ്കിലും മത്സരത്തിന് ശേഷം വാർത്തകളിൽ നിറയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ആദ്യപകുതിയിൽ ഗോളടിക്കാൻ മികച്ചൊരു അവസരം ഉണ്ടായിരുന്നെങ്കിലും അതിനിടയിൽ റഫറി വിസിൽ മുഴക്കി അത് നശിപ്പിച്ചതിൽ റൊണാൾഡോ കോപാകുലനായിരുന്നു. താരത്തിന് മഞ്ഞക്കാർഡും ലഭിച്ചു.

അഭ എടുത്ത ഫ്രീ കിക്കിന് ശേഷം അൽ നസ്ർ പ്രത്യാക്രമണം ആരംഭിച്ച്. റൊണാൾഡോക്ക് പന്ത് ലഭിക്കുമ്പോൾ മുന്നിൽ എതിർടീമിന്റെ ഒരു താരം മാത്രമാണുണ്ടായിരുന്ന. തന്റെ സഹതാരം ഒപ്പമുണ്ടെന്നിരിക്കെ അനായാസം ഗോൾ നേടാനുള്ള അവസരമായിരുന്നു അത്. എന്നാൽ ആ സമയത്താണ് റഫറി ഹാഫ് ടൈം വിസിൽ മുഴക്കിയത്.

തങ്ങൾക്ക് കൃത്യമായി ലഭിച്ച ആനുകൂല്യം റഫറി നശിപ്പിച്ചതിൽ റൊണാൾഡോ ക്രുദ്ധനായി. പന്ത് കയ്യിലെടുത്ത താരം അത് ദേഷ്യത്തിൽ അടിച്ചു കളഞ്ഞു. റഫറിയോട് കൈകൾ ഉയർത്തി തന്റെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്‌തു. റൊണാൾഡോയുടെ പ്രവൃത്തികൾ ഇഷ്ടമാവാതിരുന്ന റഫറി ഉടനെ താരത്തിന് മഞ്ഞക്കാർഡും നൽകി.

അൽ നസ്‌റിൽ എത്തിയതിനു ശേഷം ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് ഗോളുകൾ അടിച്ചു കൂട്ടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ലെന്നത് ആശങ്കയാണ്. താരം വീണ്ടും തന്റെ ഗോൾവേട്ട പുറത്തെടുക്കും എന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.