വായടച്ചു മിണ്ടാതിരിക്കാൻ പറഞ്ഞത് പോർച്ചുഗീസ് പരിശീലകനോടോ, റൊണാൾഡോ പറയുന്നു|Qatar 2022

ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ നേടിയ ഒരു പെനാൽറ്റി ഗോൾ മാറ്റി നിർത്തിയാൽ മോശം പ്രകടനം നടത്തുന്ന റൊണാൾഡോ ഇന്നലെ സൗത്ത് കൊറിയക്കെതിരെയും അതാവർത്തിച്ചു. മത്സരത്തിൽ ഒരു സുവർണാവസരം നഷ്ടപ്പെടുത്തിയ താരം സൗത്ത് കൊറിയ നേടിയ ആദ്യത്തെ ഗോളിനും കാരണമായിരുന്നു. റൊണാൾഡോയുടെ ദേഹത്തു തട്ടി വന്ന പന്താണ് സൗത്ത് കൊറിയൻ താരം അനായാസമായി വലയിലേക്കു തട്ടിയിട്ടത്.

മോശം പ്രകടനം നടത്തിയ റൊണാൾഡോയെ മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. അതിനു ശേഷം മൈതാനം വിടുന്ന റൊണാൾഡോ കാണിച്ച ആംഗ്യം ഏവരും ശ്രദ്ധിച്ച കാര്യമാണ്. ചുണ്ടിൽ വിരൽ വെച്ച് ആരോടോ വായടക്കാൻ റൊണാൾഡോ കാണിക്കുന്നുണ്ടായിരുന്നു. കളിയിൽ നിന്നും തന്നെ പിൻവലിച്ചതിനു പരിശീലകനോടാണ് റൊണാൾഡോ ആംഗ്യം കാണിച്ചതെന്നു പലരും കരുതിയെങ്കിലും അതല്ലെന്ന് മത്സരത്തിനു ശേഷം താരം പറഞ്ഞു.

താൻ വായടക്കാൻ പറഞ്ഞത് ഒരു സൗത്ത് കൊറിയൻ താരത്തോടാണെന്നാണ് റൊണാൾഡോ പറയുന്നത്. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട് മൈതാനത്തു നിന്നും കയറിപ്പോകുന്ന തന്നോട് വേഗത്തിൽ കളിക്കളം വിടാൻ സൗത്ത് കൊറിയൻ താരം ആവശ്യപ്പെട്ടപ്പോൾ വായടക്കാൻ താൻ പറഞ്ഞുവെന്ന് റൊണാൾഡോ വെളിപ്പെടുത്തി. അങ്ങിനൊരു അഭിപ്രായം പറയാനുള്ള യാതൊരു അധികാരവും സൗത്ത് കൊറിയൻ താരത്തിനില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

മത്സരത്തിൽ റിക്കാർഡോ ഹോർട്ട നേടിയ ഗോളിൽ പോർച്ചുഗൽ അഞ്ചാം മിനുട്ടിൽ തന്നെ മുന്നിലെത്തിയെങ്കിലും യങ്ങ് ഗ്യോൺ കിം, ഹീ ചാൻ ഹ്വാങ്ങ് എന്നിവർ നേടിയ ഗോളുകളിൽ സൗത്ത് കൊറിയ വിജയം നേടുകയായിരുന്നു. തോറ്റെങ്കിലും ഗ്രൂപ്പിൽ പോർച്ചുഗലാണ്‌ ഒന്നാം സ്ഥാനക്കാർ. പ്രീ ക്വാർട്ടറിൽ അവർ സ്വിറ്റ്സർലൻഡിനെ നേരിടും. സൗത്ത് കൊറിയക്ക് ബ്രസീലാണ് എതിരാളികൾ.

Rate this post
Cristiano RonaldoFIFA world cupQatar2022