ലിയോ മെസ്സിയുടെ ലീഗിനെക്കാൾ മികച്ചതാണ് സൗദി ലീഗെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

യൂറോപ്യൻ ഫുട്ബോളിനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി വിസ്മയിപ്പിച്ച ലോകഫുട്ബോളിലെ രണ്ട് മികച്ച താരങ്ങൾ ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിൽ ഇല്ല. പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീന നായകൻ ലിയോ മെസ്സിയുമാണ് യൂറോപ്യൻ ഫുട്ബോളിനോട് വിട പറഞ്ഞത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പടിയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലേക്ക് ചേക്കേറിയപ്പോൾ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി വിട്ട ലിയോ മെസ്സി എം എൽ എസ് ലീഗിൽ കളിക്കുന്ന അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കും പോയി. എതിരാളികളായി പോരടിച്ച രണ്ട് താരങ്ങൾ ഇപ്പോൾ ലോകത്തിന്റെ രണ്ട് അറ്റത്തു ഫുട്ബോൾ കളിക്കുകയാണ്.

എന്തായാലും ലിയോ മെസ്സി ഇന്റർ മിയാമിയിൽ സൈൻ ചെയ്തതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് എം എൽ എസിലേക്ക് എപ്പോഴെങ്കിലും പോകാൻ സാധ്യതയുണ്ടോ എന്ന ചോദ്യം ഒരു പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകി.

“അമേരിക്കൻ ലീഗിലേക്ക് പോകുമോയെന്നോ? ഇല്ല, എം എൽ എസിനെക്കാൾ മികച്ചതാണ് സൗദി ലീഗ്. മാത്രവുമല്ല ഞാൻ ഏതെങ്കിലും ഒരു യൂറോപ്യൻ ക്ലബ്ബിലേക്ക് തിരിച്ചു വരില്ല എന്നത് 100% ഉറപ്പാണ്. ഞാൻ സൗദി ലീഗിലേക്കുള്ള ഒരു വഴി തുറന്നു, ഇപ്പോൾ ആ വഴിയിലൂടെ ഒരുപാട് മികച്ച താരങ്ങൾ സൗദി ലീഗിലേക്ക് വരുന്നുണ്ട്.” – ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും തമ്മിൽ ഇനി നേർക്കുനേർ ഏറ്റുമുട്ടാനുള്ള സാധ്യതകൾ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. അവസാനമായി ഇരുവരും ഏറ്റുമുട്ടിയത് പി എസ് ജി vs സൗദി ഓൾ സ്റ്റാർ ഇലവൻ മത്സരത്തിലായിരുന്നു. രണ്ട് ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന് ആവേശം നൽകിയെങ്കിലും മത്സരം പി എസ് ജി 4-5 ന് വിജയം നേടി.

3/5 - (1 vote)