ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ വിജയവുമായി അൽ നാസർ | Al Nassr | Cristiano Ronaldo

പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ടൈയുടെ ആദ്യ പാദത്തിൽ അൽ നാസർ അൽ ഫൈഹയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 81-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിന്റെ വിജയ ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയെങ്കിലും റൊണാൾഡോ, ടാലിസ്‌ക, ഒട്ടാവിയോ എന്നിവരടങ്ങുന്ന അൽ നാസർ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും അൽ ഫൈഹ ഗോൾ കീപ്പർ വ്‌ളാഡിമിർ സ്റ്റോജ്‌കോവിച്ച് മികച്ച സേവിലൂടെ ആ ശ്രമം തടഞ്ഞു.

രണ്ടാം പകുതിയിൽ അൽ നാസർ മുന്നേറ്റം തുടർന്നു, എന്നാൽ അൽ ഫൈഹയുടെ ഉറച്ച പ്രതിരോധം റൊണാൾഡോയെയും കൂട്ടരെയും തടഞ്ഞു.64-ാം മിനിറ്റിൽ റൊണാൾഡോയ്ക്ക് രണ്ടാം അവസരം ലഭിച്ചു. മാർസെലോ ബ്രോസോവിച്ച് കൊടുത്ത ക്രോസിൽ നിന്നുള്ള പോർച്ചുഗീസ് താരത്തിന്റെ ഹെഡ്ഡർ സ്റ്റോജ്കോവിച്ച് കൈപ്പിടിയിലൊതുക്കി.

81 ആം മിനുട്ടിൽ ബ്രോസോവിച്ചിന്റെ അസ്സിസ്റ്റിൽ നിന്നും റൊണാൾഡോ അൽ നാസറിന്റെ വിജയ ഗോൾ നേടി. അതിനു ശേഷം അൽ ഫൈഹ കളിക്കാർ ഒരു സമനില ഗോളിനായി കഠിനമായി ശ്രമം നടത്തിയെങ്കിലും അൽ നാസർ പ്രതിരോധം ശക്തമായ ഉറച്ചു നിന്നതോടെ അവരുടെ ശ്രമങ്ങൾ വിഫലമായി.ഫെബ്രുവരി 21 ന് ഇരു ടീമുകളും രണ്ടാം പാദം കളിക്കും.