❝സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മറ്റൊരു മുഖം❞ ; ഇവിടെയാണ് റൊണാൾഡോ എന്ന വ്യക്തി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നത് |Cristiano Ronaldo

ഒരു കളി സമനില ആയിരുന്നാൽ കൂടി ദേഷ്യത്തോടെ ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോയെ നിങ്ങൾ കണ്ടിട്ടുണ്ടാവും, എന്നാൽ തന്റെ ടീമിന്റെ ഗോൾനില ഏറെ മുന്നിലെത്തുമ്പോൾ പോലും ദേഷ്യപ്പെടുന്ന റൊണാൾഡോയെ നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നാൽ അത് എന്തിനാണെന്ന് അറിയുമോ ? അവിടെയാണ് റൊണാൾഡോ എന്ന വ്യക്തി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നത്.

തന്റെ സഹതാരം ഗോൾ നേടി കളി അവസാനിപ്പിക്കുമ്പോൾ റയൽമാഡ്രിഡ് 3-0 എന്ന സ്കോറിന് മുന്നിൽ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആ ഗോൾ ആഘോഷിക്കുന്നതിനു പകരം റൊണാൾഡോ ദേഷ്യത്തോടെ മുഖം താഴ്ത്തി. ഫുട്‌ബോൾ ലോകം മുഴുവൻ അദ്ദേഹത്തെ പുച്ഛിച്ചു. വിരോധികൾ ആയിരം കഥകളുമായി വന്നു. എന്നാൽ അദ്ദേഹം ചെയ്തത് തെറ്റാണോ എന്നറിയാൻ ഗോൾ നേടിയ സഹതാരത്തിന്റെ അഭിമുഖം കഴിയുന്നത് വരെയേ സമയം ഉണ്ടായിരുന്നുള്ളു. അതേ , അൽവരോ ആർബെലോവയോട് ഇന്റർവ്യൂവർ ചോദിച്ചു, എന്ത് കൊണ്ട് റൊണാൾഡോ നിങ്ങൾ നേടിയ ഗോൾ ആഘോഷിക്കാൻ നിൽക്കാതെ ഗ്രൗണ്ടിൽ ദേഷ്യപ്പെട്ടു കണ്ടു എന്ന്. അതിന് ആർബെലോവ നൽകിയ ഉത്തരം ലളിതമായിരുന്നു.

അദ്ദേഹത്തിന്റ സ്പോർട്സ്മാൻ സ്പിരിറ്റ് ആണത്. ഒരു കളിയിൽ ഗോൾ നേടി തന്റെ മുദ്ര പതിപ്പിക്കുക എന്നതും ടീം ജയിക്കുക എന്നതും അദ്ദേഹം മറ്റെന്തിനെക്കാളും ആഗ്രഹിക്കുന്ന കാര്യമാണെന്ന് ആർബെലോവ പറഞ്ഞു. നിർഭാഗ്യവശാൽ ടീമിന്റെ വിജയത്തിൽ ഒരു ഗോളിലൂടെ പങ്കാളിയാവാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചില്ല എന്നും കളിക്ക് ശേഷം ക്ഷമ ചോദിച്ചു തന്നോട് കൂടുതൽ നേരം സംസാരിച്ചു എന്നും ആർബെലോവ കൂട്ടിച്ചേർത്തു. കൂടാതെ ക്രിസ്റ്റ്യാനോ ചെയ്തതിൽ താൻ ഒരിക്കലും ദുഃഖിതനല്ല എന്നും അദ്ദേഹത്തെ പോലുള്ള കളിക്കാർക്ക് മാത്രമേ ഇത്തരം സവിശേഷതകൾ ഉണ്ടാവൂ എന്നു പറയാനും സ്പാനിഷ് ഇന്റർനാഷണൽ മടിച്ചില്ല.

നിങ്ങളറിയാത്ത ക്രിസ്റ്റ്യാനോയുടെ വേറൊരു മുഖമാണത്. മാഞ്ചസ്റ്റർ യുണൈറ്റഡ്‌ സമനില ആയ മത്സരത്തിന്റെ അവസാന നിമിഷത്തിൽ പരിശീലകൻ ഒലെ പുഞ്ചിരിച്ചപ്പോൾ പോലും ക്ഷുഭിതനായി കളം വിട്ട റൊണാൾഡോയെ നമ്മൾ കാണുകയുണ്ടായി. ഒരു നിർണായകമത്സരവും സമനിലയിൽ പോലും അവസാനിക്കാൻ ആഗ്രഹിക്കാത്ത വ്യക്തി ആണ് ക്രിസ്റ്റ്യാനോ. ഇതിനു മുന്നേ അത്ലറ്റിക്കോ മാഡ്രിഡും യുവന്റസും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആദ്യപാദത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് അത്ലറ്റിക്കോ വിജയിക്കുകയുണ്ടായി.

എന്നാൽ ഈ മത്സരത്തിന് ശേഷം രണ്ടാം പാദമത്സരം നടക്കുന്നതിനു മുന്നേ തന്നെ ക്രിസ്റ്റ്യാനോ തന്റെ സുഹൃത്ത് ആയ മുൻ ഫ്രഞ്ച് ഇതിഹാസം പാട്രിക്ക് എവ്രക്ക് മെസ്സേജ് അയക്കുകയുണ്ടായി. രണ്ടാം പാദത്തിൽ അത്ലറ്റിക്കോയെ തോൽപ്പിച്ചു യുവന്റെസ് നോകൗട്ട് കടക്കുമെന്നും കാത്തിരുന്നു കാണൂ എന്നുമായിരുന്നു ആ മെസ്സേജ്. പിന്നീട് നടന്ന കാഴ്ചക്ക് ലോകം മുഴുവൻ സാക്ഷിയായതാണ്. തന്റെ സ്വന്തം ചിറകിലേറ്റി ഹാട്രിക്കോടെ ക്രിസ്റ്റ്യാനോ അത്ലറ്റിക്കോയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കുമ്പോൾ, താൻ പറഞ്ഞ വാക്കിന്റെ പര്യായമായി അദ്ദേഹം മാറിയിരുന്നു.

അതേ, ലോകഫുട്‌ബോളിൽ മറ്റാർക്കുമില്ലാത്ത കാഴ്ചപ്പാട് , ഗോളുകളോടുള്ള ആവേശം , ടീമിന്റെ വിജയം മാത്രം മുൻനിർത്തിയുള്ള മനോഭാവം. ഇതെല്ലാമാണ് ക്രിസ്റ്റ്യാനോ എന്ന ഫുട്‌ബോളറെ വ്യത്യസ്തനാക്കുന്നത്. തന്റെ ഫിസിക്കൽ ഫിറ്റ്നസ് ലും ഇത് പോലെ തന്നെ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത വ്യക്തിയാണ് അദ്ദേഹം. രക്തദാനശീലം ഉള്ളത് കൊണ്ട് തന്നെ ശരീരത്തിൽ ഒരു ടാറ്റൂ പോലും കാണാനാവില്ല. മറ്റുള്ളവർ എല്ലാം പരിശീലനത്തിന് എത്തുന്നതിനു മുന്നേ ക്രിസ്റ്റ്യാനോ എത്തിയിരിക്കും.തന്നാലാവുന്ന മോട്ടിവേഷനെല്ലാം തന്നെ തന്റെ സഹകളിക്കാർക്കും പകർന്നു നൽകും. ചുരുക്കി പറഞ്ഞാൽ നുള്ളിയെടുത്ത ഈ ഒരു ഭാഗമടക്കം അദ്ദേഹത്തിന്റെ ജീവചരിത്രം മുഴുവൻ മനസിലാക്കിയവർ ഒരേ സ്വരത്തിൽ പറയും , “ഇത് താണ്ടാ സ്‌പോർട്‌സ്മാൻ സ്പിരിറ്റ്” എന്ന് !!!

Rate this post