റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടത് മെസിക്ക് വമ്പൻ പ്രതിഫലം ലഭിക്കുന്നതിലെ അസൂയ കാരണം

റയൽ മാഡ്രിഡിനൊപ്പം മൂന്നു ചാമ്പ്യൻസ് ലീഗുകൾ തുടർച്ചയായി നേടിയതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയത് ഫുട്ബോൾ ലോകത്ത് എല്ലാവരെയും അമ്പരിപ്പിച്ച കാര്യമാണ്. റൊണാൾഡോയും റയൽ മാഡ്രിഡും തമ്മിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിന്റെ ഭാഗമായാണ് ട്രാൻസ്‌ഫറെന്ന് ആ സമയത്തു തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് സത്യമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

സ്‌പാനിഷ്‌ മാധ്യമമായ എൽ മുണ്ടോയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. ഇതു പ്രകാരം ബാഴ്‌സലോണ മെസിക്ക് നൽകുന്ന പ്രതിഫലത്തിന്റെ കാര്യത്തിൽ റൊണാൾഡോ വളരെ അസ്വസ്ഥനായിരുന്നു. തന്നെക്കാൾ പ്രതിഫലം ലഭിക്കുന്നുണ്ടോയെന്നറിയാൻ മെസിയുടെ വേതനം എത്രയാണെന്നറിയാൻ ഏജന്റായ യോർഹെ മെൻഡസിനെ റൊണാൾഡോ ചുമതലപ്പെടുത്തുകയും ചെയ്‌തു.

അന്നത്തെ ബാഴ്‌സലോണ പ്രസിഡന്റായിരുന്ന ജോസപ് മരിയോ ബാർട്ടമൂവിനോടാണ് മെൻഡസ്‌ ഇതേപ്പറ്റി അന്വേഷിച്ചത്. മെസിയുടെ പ്രതിഫലം എത്രയാണെന്ന് പറയാൻ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം റയൽ മാഡ്രിഡ് റൊണാൾഡോക്ക് നൽകുന്നതിന്റെ ഇരട്ടി വേതനം മെസിക്ക് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് റൊണാൾഡോ റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനമെടുക്കുന്നത്.

സിദാനു കീഴിൽ റയൽ മാഡ്രിഡ് മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ തുടർച്ചയായി നേടിയതിനു പിന്നാലെയാണ് റൊണാൾഡോ റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. നൂറു മില്യൺ യൂറോ നൽകി താരത്തെ ഇറ്റാലിയൻ ക്ലബായ യുവന്റസ് സ്വന്തമാക്കുകയും ചെയ്‌തു. റയൽ മാഡ്രിഡ് നൽകുന്നതിനേക്കാൾ പ്രതിഫലം നൽകിയാണ് റൊണാൾഡോയെ യുവന്റസ് സ്വന്തമാക്കിയത്.

റൊണാൾഡോ റയൽ മാഡ്രിഡ് വിടുന്നതിനോട് ഏജന്റായ യോർഹെ മെൻഡസിന് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. മെൻഡസായിരുന്നു ശരിയെന്ന് കാലം പിന്നീട് തെളിയിക്കുകയും ചെയ്‌തു. റയൽ മാഡ്രിഡ് വിട്ടതിനു ശേഷം റൊണാൾഡോയുടെ കരിയർ കീഴോട്ടു പോവുകയാണുണ്ടായത്. പിന്നീടൊരിക്കലും താരത്തിന് ചാമ്പ്യൻസ് ലീഗും നേടാൻ കഴിഞ്ഞിട്ടില്ല.

Rate this post