സൗദിയിൽ റൊണാൾഡോയുടെ ആദ്യ മത്സരം ലയണൽ മെസ്സിയുടെ പിഎസ്ജിക്കെതിരെ |Cristiano Ronaldo

മാഞ്ചസ്റ്റർ യൂണൈറ്റഡുമായി കരാർ അവസാനിപ്പിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞയാഴ്ച സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി രണ്ടര വർഷത്തെ കരാറിൽ ഒപ്പിട്ടിരുന്നു.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ ജനുവരി 3 ന് അൽ നാസർ സൈനിംഗായി ഔദ്യോഗികമായി അവതരിപ്പിച്ചു, റിയാദിൽ ആരാധകരുടെ ഉജ്ജ്വല സ്വീകരണം ലഭിച്ചതിന് ശേഷം ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നതിനായി തന്റെ ടീമംഗങ്ങൾക്കൊപ്പം പരിശീലനം നടത്തി.

എന്നാൽ ക്ലബ്ബിനായി ഇതുവരെയും റൊണാൾഡോക്ക് ഒരു മത്സരം പോലും കളിയ്ക്കാൻ സാധിച്ചിട്ടില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ രണ്ട് മത്സരങ്ങളുടെ സസ്പെൻഷൻ ലഭിച്ചിരുന്നു.കഴിഞ്ഞ ഏപ്രിലിൽ എവർട്ടൺ ആരാധകന്റെ മൊബൈൽ ഫോൺ അടിച്ചു തകർത്തതിനെ തുടർന്നാണ് നവംബറിൽ നിരോധനം ഏർപ്പെടുത്തിയത്. ഈ മാസം ലയണൽ മെസിയുടെ പാരിസ് സെന്റ് ജെർമെയ്നിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോക്ക് കളിക്കാനാകുമെന്ന് കോച്ച് റൂഡി ഗാർസിയ പറഞ്ഞു.

ജനുവരി 19 ന് റിയാദിൽ അൽ നാസർ, അൽ ഹിലാൽ എന്നിവരിൽ നിന്നുള്ള കളിക്കാർ അടങ്ങുന്ന ഒരു ടീമിൽ ലയണൽ മെസ്സിയുടെ പിഎസ്ജിക്കെതിരെ റൊണാൾഡോ കളിക്കുന്നില്ലെങ്കിൽ ജനുവരി 22 ന് ലീഗിൽ ഇത്തിഫാക്കിനെതിരെ അരങ്ങേറ്റം കുറിക്കുമെന്നും ഗാർസിയ സ്ഥിരീകരിച്ചു. “റൊണാൾഡോയുടെ അരങ്ങേറ്റം അൽ നാസർ ജേഴ്‌സിയിലായിരിക്കില്ല. ഇത് അൽ ഹിലാലും അൽ നാസറും തമ്മിലുള്ള മിശ്രിതമായിരിക്കും, ”ഗാർസിയയെ ഉദ്ധരിച്ച് എൽ എക്വിപ്പ് പറഞ്ഞു.

സൗദി അറേബ്യയിലേക്കുള്ള റൊണാൾഡോയുടെ വരവ് പെലെയുടെ ന്യൂയോർക്ക് കോസ്‌മോസിലേക്കുള്ള നീക്കത്തിന് സമാനമാണെന്ന് ഗാർസിയ പറഞ്ഞു. റൊണാൾഡോ വന്നതിനു ശേഷം 10 ദശലക്ഷത്തിലധികം പുതിയ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ നേടാൻ സൗദി ക്ലബിന് സാധിച്ചു.യുണൈറ്റഡ് കരാർ അവസാനിപ്പിക്കുകയും ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ തോൽക്കുകയും ചെയ്ത പ്രക്ഷുബ്ധമായ കാലയളവിന് ശേഷം റൊണാൾഡോ വീണ്ടും ഫുട്ബോൾ മൈതാനത്തേക്ക് സന്തോഷത്തോടെ കടന്നു വരികയാണ്.