റൊണാൾഡോയടക്കം രണ്ടു താരങ്ങളെ ലിവർപൂളിനെതിരായ മത്സരത്തിൽ കളിപ്പിക്കരുതെന്ന് വെയ്ൻ റൂണി
ലിവർപൂളിനെതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം രണ്ടു താരങ്ങളെ കളിപ്പിക്കരുതെന്ന് പരിശീലകൻ എറിക് ടെൻ ഹാഗിനോട് ടീമിന്റെ ഇതിഹാസതാരമായ വെയ്ൻ റൂണി നിർദ്ദേശിച്ചു. ലിവർപൂളുമായി നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ ഊർജ്ജം കളിക്കളത്തിൽ കാഴ്‌ച വെക്കേണ്ടി വരുമെന്നും അതിനു വേണ്ടി ഈ താരങ്ങളെ പുറത്തിരുത്തണമെന്നുമാണ് റൂണി പറയുന്നത്. ടീമിനൊപ്പം ചേരാൻ വൈകിയ റൊണാൾഡോക്ക് മാച്ച് ഫിറ്റ്നസ് ഉണ്ടെന്നു തോന്നുന്നില്ലെന്നും റൂണി പറഞ്ഞു.
കഴിഞ്ഞ രണ്ടു പ്രീമിയർ ലീഗ് മത്സരങ്ങളിലും തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരാശയോടെയാണ് സീസൺ ആരംഭിക്കുന്നത്. ബ്രൈറ്റനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവി നേരിട്ട ടീം അതിനു ശേഷം നടന്ന മത്സരത്തിൽ ബ്രെന്റഫോഡിനോട് എതിരില്ലാത്ത നാല് ഗോളുകളുടെ തോൽവിയും നേരിട്ടു. നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്‌ച വെക്കുന്ന ടീം ലിവർപൂളിനെ എങ്ങിനെ നേരിടുമെന്ന ആശങ്കയിൽ ആരാധകർ നിൽക്കുമ്പോഴാണ് കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മത്സരത്തിൽ കളിപ്പിക്കരുതെന്ന് റൂണി ആവശ്യപ്പെടുന്നത്.
“ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിപ്പിക്കില്ല, ഞാൻ മാർക്കസ് റാഷ്‌ഫോഡിനെയും കളിപ്പിക്കില്ല. ഞാനായിരുന്നു ടെൻ ഹാഗിന്റെ സ്ഥാനത്തെങ്കിൽ എന്റെ പ്രധാനപ്പെട്ട ആശങ്ക കളിക്കളത്തിൽ എങ്ങിനെ ഊർജ്ജം ലഭിക്കുമെന്നാവും. മാഞ്ചസ്റ്റർ യുണൈറ്റഡിനൊരു നമ്പർ നയൻ താരത്തെ സ്വന്തമാക്കാൻ കഴിയാത്തതിനാൽ അവർ ബ്രെന്റഫോഡിനെതിരെ റൊണാൾഡോയെ ആശ്രയിച്ചു. താരം ടീമിനൊപ്പം വേണ്ടത്ര പരിശീലനം നടത്തിയിട്ടില്ലായിരുന്നു. മാച്ച് ഫിറ്റാവാൻ താരത്തിന് സമയം വേണം. ടെൻ ഹാഗിന്റെ ടീമിന് കളിക്കളത്തിൽ ഊർജ്ജം വേണമെങ്കിൽ റൊണാൾഡോയെ ഒഴിവാക്കുകയാണ് വേണ്ടത്.” റൂണി പറഞ്ഞത് ദി ടൈംസ് വെളിപ്പെടുത്തി.
കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ കനത്ത തോൽവി കാണുവാൻ പ്രയാസമായിരുന്നുവെന്നു പറഞ്ഞ റൂണി മാഞ്ചസ്റ്റർ യുണൈറ്റഡ് അടിസ്ഥാനപരമായ ഗുണങ്ങൾ നഷ്ടപ്പെട്ടു കണ്ടിട്ടില്ലെന്നും വെളിപ്പെടുത്തി. അതേസമയം ഇന്നത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചുള്ള ഒരേയൊരു പ്രതീക്ഷ പ്രീ സീസണിൽ ലിവർപൂളിലെ നാല് ഗോളുകൾക്ക് തോൽപ്പിച്ചതു മാത്രമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സമനില വഴങ്ങിയ ലിവർപൂളിന്റെ ഈ സീസണിലെ തുടക്കം മോശമാണെന്നതും മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷയാണ്.