പ്രചരിച്ചത് വ്യാജ വാർത്തകൾ; സഹൽ ട്രാൻസ്ഫറിൽ മാർക്കസിന്റെ യഥാർത്ഥ റിപ്പോർട്ട് പുറത്ത്; പ്രതിഷേധവുമായി ആരാധകർ

നീണ്ട നാളത്തെ മാരത്തൺ ചർച്ചകൾക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സൂപ്പർ താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാന് കൈമാറിയിരിക്കുകയാണ്. ഇരു ക്ലബ്ബുകളും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നടത്തുകയും ചെയ്തിട്ടുണ്ട്.

സഹൽ അബ്ദുൽ സമദിനെ വിൽക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ആഴ്ചകൾക്കു മുമ്പേ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സഹലിനെ സ്വന്തമാക്കാൻ മുംബൈ സിറ്റി എഫ്സി, ബംഗളൂരു എഫ് സി, ചെന്നൈയിൻ എഫ്സി എന്നീ ക്ലബ്ബുകളാണ് മുൻനിരയിൽ ഉണ്ടായിരുന്നത്. എന്നാൽ മോഹൻ ബഗാൻ നീക്കങ്ങൾ ശക്തമാക്കിയതോടെ ബഗാന് സഹലിനെ സ്വന്തമാക്കാനായി. ഇതിനിടയിൽ സൗദി പ്രൊ ലീഗ് ക്ലബ്ബുകളും സഹലിനായി രംഗത്തുണ്ട് എന്ന വാർത്തകളും പ്രചരിച്ചിരുന്നു.

സഹൽ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാർത്തകളൊക്കെ പ്രചരിച്ച സമയത്ത് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫറായാണ് ഇതിനെ പല മാധ്യമങ്ങളും കണക്കാക്കിയത്. രണ്ടര കോടി ട്രാൻസ്ഫർ ഫീയ്ക്ക് പുറമേ രണ്ടു കോടി രൂപ മൂല്യമുള്ള പ്രീതം കോട്ടലിനെയും ബഗാൻ നൽകുന്നു എന്നായിരുന്നു വാർത്തകൾ. എന്നാൽ സഹൽ ട്രാൻസ്ഫറിൽ കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീയായി ലഭിച്ചത് ആകെ 90 ലക്ഷം മാത്രമാണ് എന്നാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നത്.

90 ലക്ഷവും പ്രീതം കോട്ടലിനെയും മാത്രമാണ് ബഗാൻ സഹലനായി നൽകിയത്. സഹലിനെ പോലുള്ള താരത്തിന് കേവലം 90 ലക്ഷം രൂപ മാത്രം ട്രാൻസ്ഫർ ഫീ ഈടാക്കിയ ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായെത്തുന്നുണ്ട്.