‘എനിക്ക് ആദ്യ കളി നഷ്ടമാകും, അടുത്ത 2 മത്സരങ്ങളിൽ തിരിച്ചെത്താൻ ഞാൻ ആഗ്രഹിക്കുന്നു’ : സഹൽ അബ്ദുൽ സമദ് | Sahal Abdul Samad

മലയാളി മധ്യനിര താരം സഹൽ അബ്ദുൾ സമദ് ഇല്ലാതെയാണ് ഇന്ത്യ എഎഫ്‌സി ഏഷ്യൻ കപ്പ് കാമ്പെയ്‌ൻ ആരംഭിക്കുന്നതെന്ന് ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ഇന്ന് സ്ഥിരീകരിച്ചു.ശനിയാഴ്ച അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

നാളത്തെ മത്സരത്തിൽ സഹൽ കളിക്കില്ല എന്നുറപ്പിച്ചതോടെ പകരക്കാരനായി അനിരുദ്ധ് ഥാപ്പ, ലാലെങ്‌മാവിയ റാൾട്ടെ, നവോറെം മഹേഷ് സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ് എന്നിവരിൽ നിന്നും ഒരാൾ ടീമിലെത്തും. “സഹൽ ഇതുവരെ മത്സരത്തിന് തയ്യാറായിട്ടില്ല, 100 ശതമാനം ഫിറ്റായിട്ടില്ല .എന്നാൽ ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നു,” സ്റ്റിമാക് ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ വര്ഷം കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്ലേക്ക് മാറിയ മിഡ്ഫീൽഡർ ആറ് കളികളിൽ നിന്ന് നാല് അസിസ്റ്റുകളോടെ മികച്ച ഫോമിലായിരുന്നു.2023 ഡിസംബറിന്റെ തുടക്കത്തിൽ നടന്ന ഒരു മത്സരത്തിൽ ഒഡീഷ എഫ്‌സിയുടെ അഹമ്മദ് ജഹൂവിന്റെ ഫൗളിൽ താരത്തിന്റെ കണങ്കാലിൽ പരിക്കേറ്റു. ഒരു മാസത്തോളം കളിക്കളത്തിന് പുറത്തായ താരം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

“ഇത് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത കാര്യമാണ്.എനിക്ക് ആദ്യ കളി നഷ്ടമാകും. ഫിറ്റ്നസ് വീണ്ടെടുത്താൽ അടുത്ത രണ്ട് മത്സരങ്ങൾക്കായി ടീമിനൊപ്പം തിരിച്ചെത്താൻ ഞാൻ ആഗ്രഹിക്കുന്നു” സഹൽ പറഞ്ഞു.പൂർണ യോഗ്യനാണെന്ന് കണ്ടാൽ മാത്രമേ സഹൽ തിരിച്ചെത്തുകയുള്ളൂവെന്നും സ്റ്റിമാക് കൂട്ടിച്ചേർത്തു. “രാജ്യത്തെ പ്രതിനിധീകരിക്കാൻ പരിക്കുമായി കളിക്കാൻ ഞാൻ ഒരു കളിക്കാരനെയും നിർബന്ധിച്ചിട്ടില്ല” സ്ടിമാക്ക് കൂട്ടിച്ചേർത്തു.അൻവർ അലി, ആഷിക് കുരുണിയൻ, ജീക്‌സൺ സിംഗ് എന്നീ മൂന്ന് ഫസ്റ്റ് ടീം താരങ്ങളില്ലാതെയാണ് ഇന്ത്യ ഏഷ്യൻ കപ്പ്‌ കളിക്കുന്നത്.

Rate this post