ഈ പരമ്പരയിൽ അഞ്ചാം തവണയും ഷോർട്ട് ബോളിൽ പുറത്തായി സഞ്ജു സാംസൺ | Sanju Samson

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടി20യിലും തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. 7 പന്തിൽ നിന്നും ഒരു ബൗണ്ടറിയും രണ്ടു സിക്‌സും അടക്കം 16 റൺസ് നേടിയ സഞ്ജുവിനെ മാർക്ക് വുഡിന്റെ പന്തിൽ ജോഫ്രെ ആർച്ചർ പിടിച്ചു പുറത്താക്കി. ആദ്യ ഓവറിലെ ആദ്യ പന്തിൽ ജോഫ്രെ ആർച്ചറെ പൂൾ ഷോട്ടിലൂടെ സിക്സ് അടിച്ചു കൊണ്ടാണ് സഞ്ജു സാംസൺ ബാറ്റിംഗ് ആരംഭിച്ചത്.

ആ ഓവറിലെ അഞ്ചാം പന്തിലും സിക്സ് നേടിയ സഞ്ജു അവസാന പന്തിൽ ബൗണ്ടറിയും നേടി തൻ ഫോമിലേക്ക് വരുന്നു എന്ന സൂചന നൽകി. എന്നാൽ രണ്ടാം ഓവറിലെ അവസാന പന്തിൽ കൂറ്റനാടിക്ക് ശ്രമിച്ച സഞ്ജുവിനെ മാർക്ക് വുഡ് പുറത്താക്കി.ഡീപ്പിൽ ആർച്ചറുടെ കൈകളിൽ ക്യാച്ച് ലഭിച്ചതോടെ സാംസൺ വീണ്ടും ഷോർട്ട് ബോളിന് ഇരയായി.ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം, ഒരു ടി20യിലെ ആദ്യ പന്തിൽ തന്നെ സിക്സ് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി സാംസൺ മാറി. രോഹിത് ശർമ്മ (ആദിൽ റാഷിദിനെതിരെ , അഹമ്മദാബാദ്, 2021), യശസ്വി ജയ്‌സ്വാൾ (സിക്കന്ദർ റാസയെ , 2024) എന്നിവർക്കൊപ്പം ഈ പട്ടികയിൽ സാംസൺ ഇടം നേടി.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി തിരിച്ചെത്തി. ഇംഗ്ലണ്ട് ടീമിൽ സാകിബ് മഹ്മൂദിന് പകരം മാര്‍ക്ക് വുഡിനെ തിരിച്ചുവിളിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് നേടിയിരുന്നു.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ബ്രൈഡണ്‍ കാര്‍സെ, ജാമി ഓവര്‍ട്ടണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Rate this post