സഞ്ജു സാംസണ്‍ ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍|Sanju Samson |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച ക്ലബ്ബ് പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. മലയാളി താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

കേരളത്തിലെ നിരവധി യുവ കായിക താരങ്ങൾക്കും വനിതകൾക്കും അദ്ദേഹം പ്രചോദനമാണ്, കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി അദ്ദേഹത്തെ നിയമിച്ചത് ക്ലബ്ബിന്റെ സ്വാധീനം വർദ്ധിപ്പിക്കുമെന്നുറപ്പാണ്. കേരളത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം കേരളത്തിലെ എറ്റവും വലിയ ഫുട്ബോൾ ക്ലബുമായി കൈകോർക്കുന്നത് ഫുട്ബോൾ ആരാധകർക്കും ക്രിക്കറ്റ് ആരാധകർക്കും ഒരുപോലെ സന്തോഷം നൽകും. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആയ സഞ്ജു സാംസൺ അടുത്തിടെ നേരിട്ട പരിക്കിൽ നിന്ന് മുക്തനായി ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചുവരാൻ നിൽക്കുകയാണ്.

സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. സ്പോര്‍ട്സിലൂടെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബിന്റെ പൊതു ശ്രമത്തില്‍ ഒരുമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എന്റെ അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരുന്നു, ഫുട്ബോൾ എല്ലായ്പ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു കായിക വിനോദമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ബ്രാൻഡ് അംബാസഡറായതിൽ ഞാൻ അഭിമാനിക്കുന്നു”നിയമനത്തിൽ തന്റെ ആവേശം പ്രകടിപ്പിച്ച് സഞ്ജു പറഞ്ഞു.

ഫുട്ബോളിന്റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ക്ലബ്ബ് അതിന്റെ തുടക്കം മുതൽ വളരെയധികം ചെയ്തിട്ടുണ്ട്. ഈ പ്രക്രിയയിൽ, അവർ രാജ്യത്തെ ഏറ്റവും വിശ്വസ്തരായ ഒരു ആരാധകവൃന്ദം നിർമ്മിക്കുകയും വളർത്തുകയും ചെയ്തു. ആരാധകരോടൊപ്പം കലൂർ സ്റ്റേഡിയത്തിൽ ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവില്ല.

Rate this post