” സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങും, ബ്ലാസ്റ്റേഴ്‌സിന്റെ കിടലൻ ജയവും ” , മലയാളി ആരാധകർക്ക് ആഘോഷിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം

മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്നലെ ആഘോഷ രാവ് തന്നെയായിരുന്നു . മലയാളികൾ നെഞ്ചേറ്റിയ കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയവും ഏറെ കാത്തിരിപ്പിയ്ന് ശേഷം സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ആരാധകർക്ക് കാണാനായി. ഇതിലും കൂടുതലായി ആരാധകർക്ക് എന്നതാണ് വേണ്ടത്. ദേശീയ ടീമിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നുന്ന ഫോം തുടരുന്നുണ്ടെങ്കിലും ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ ആ പ്രകടനം നമുക്ക് കാണാൻ സാധിച്ചിരുന്നില്ല. കിട്ടിയ അവസരങ്ങൾ എല്ലാം പാഴായി പോകുന്നതാണ് കാണാൻ സാധിച്ചത്.

ഇന്നലെ ശ്രീ ലങ്കക്കെതിരെ നടന്ന രണ്ടാം ടി 20 യിൽ സഞ്ജുവിന്റെ ബാറ്റിംഗ് വെടിക്കെട്ടിലാണ് ഇന്ത്യൻ വിജയം നേടിയെടുത്തത്.ധർമ്മശാലയിൽ നടന്ന രണ്ടാം ടി20യിൽ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കം തന്നെ വിക്കറ്റ് പോയെങ്കിലും സഞ്ജു സാംസണിന്റെ (39) വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായി. ടി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറച്ച സഞ്ജുവിന്റെ ഇന്നിംഗ്സ്, ഇന്ത്യൻ ആരാധകരെ മുഴുവൻ ആവേശത്തിലാക്കി. ഒരു സമയത്ത് ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും (1), ഇഷാൻ കിഷനും (16) നേരത്തെ പുറത്തായി ടീം പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സമയത്താണ് നാലാമനായി ക്രീസിലെത്തിയ സഞ്ജു, ശ്രേയസ് അയ്യർക്കൊപ്പം മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചത്.

ശ്രീലങ്കൻ പേസർ ലാഹിറു കുമാരയാണ് സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. കുമാര എറിഞ്ഞ ഇന്നിംഗ്സിലെ 13-ാം ഓവറിലാണ് സഞ്ജുവിന്റെ ബാറ്റിംഗ് വിളയാട്ടത്തിന് ഇന്ത്യൻ ആരാധകർ സാക്ഷികളായത്. 12-ാം ഓവർ പൂർത്തിയാകുമ്പോൾ സഞ്ജുവിന്റെ സ്കോർ 19 പന്തിൽ ഒരു ഫോർ ഉൾപ്പടെ 17 റൺസ് എന്നായിരുന്നു. എന്നാൽ, 13-ാം ഓവർ എറിയാനെത്തിയ കുമാരയെ ഒരു ബൗണ്ടറിയോടെയാണ് സഞ്ജു വരവേറ്റത്.

തുടർന്ന്, കുമാരയുടെ രണ്ടാം പന്ത് ഓഫ് സ്റ്റംപിന് മുകളിലൂടെ സിക്സ് പറത്തിയ സഞ്ജു, കുമാരയുടെ മൂന്നാം പന്തും സമാന രീതിയിൽ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തി. അതോടെ പ്രകോപിതനായ കുമാര തന്റെ മുഴുവൻ ശക്തിയുമെടുത്ത് സഞ്ജുവിന് നേരെ ഒരു യോർക്കർ എരിഞ്ഞെങ്കിലും, സഞ്ജു അത് തന്ത്രപരമായി ഡിഫെൻഡ് ചെയ്തു. തുടർന്ന്, കുമാരയുടെ അടുത്ത പന്തും സിക്സ് പറത്തി സഞ്ജു തന്റെ കോട്ട തികച്ചു. അവസാന പന്തിൽ കുമാരക്ക് തന്നെ വിക്കറ്റ് നൽകി സഞ്ജു മടങ്ങുമ്പോൾ, ആ ഓവറിൽ സഞ്ജു 22 റൺസ് എടുത്തിരുന്നു.

മറുവശത്താണെങ്കിൽ വിജയം അനിവാര്യമായ മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ തകർത്തു കൊണ്ട് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്.ആദ്യ പകുതിയില്‍ നഷ്ടമാക്കിയ അവസരങ്ങള്‍ക്ക് രണ്ടാം പകുതിയില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളുകളിലൂടെ ജോര്‍ജെ പെരേര ഡയസും ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും നേടിയ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്ച് ജയിച്ചു കയറിയത്.തങ്ങളിൽ വിശ്വാസം അർപ്പിച്ച ആയിരക്കണക്കിന് ആരാധകർക്ക് വേണ്ടിയുള്ളത് കൂടിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നേടിയ ജയം. ആരാധകർ ആഗ്രഹിച്ച ആ പഴയ ബ്ലാസ്റ്റേഴ്സിനെയാണ് ചെന്നൈയിനെതിരെ കളത്തിൽ കണ്ടത്.

നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണെങ്കിലും ഇനിയുള്ള രണ്ടു മത്സരങ്ങളിൽ വിജയിച്ച് മുന്നേറാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.മാർച്ച് രണ്ടിന് മുംബൈ സിറ്റിക്കെതിരെ യും, ആറിന് എഫ് സി ഗോവക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള രണ്ട് മത്സരങ്ങൾ.18 മത്സരങ്ങളിൽ 30 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ബ്ലാസ്റ്റേഴ്സിന്റെ ജയവുമെല്ലാം കൊണ്ടും മലയാളി കായിക പ്രേമികൾ ഏറെ ആഘോഷിച്ച ദിവസവും തന്നെയായിരുന്നു ഇന്നലെ.

Rate this post